Saturday, 27 July - 2024

‘പാർട്ടി പത്രത്തിനു വരിക്കാരെ ചേർക്കാൻ വായ്പ എടുപ്പിച്ചു; കടക്കെണി

ആലപ്പുഴ: പാർട്ടി മുഖപത്രത്തിനു വരിക്കാരെ ചേർക്കാൻ തങ്ങളെക്കൊണ്ടു ബാങ്ക് വായ്പ എടുപ്പിച്ചെന്നും അതു തിരിച്ചടയ്ക്കാനാകാതെ കടക്കെണിയിലായെന്നും പരസ്യമാക്കി സിപിഎം നേതാക്കളും പ്രവർത്തകരും രംഗത്ത്.

കായംകുളം മേഖലയിലെ മുൻ ലോക്കൽ കമ്മിറ്റി അംഗം കുട്ടൻ താൻ അകപ്പെട്ട പ്രതിസന്ധിയെപ്പറ്റി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനോടു സമാന അനുഭവം പങ്കുവച്ചു മുതിർന്ന പ്രവർത്തകരും നേതാക്കളുമുൾപ്പെടെ പലയിടത്തു നിന്നും പിന്തുണ അറിയിച്ചു.

വായ്പയെടുത്ത പണം പാർട്ടിക്കാണു നൽകിയത്. പത്രത്തിനു വരിക്കാരെ ചേർത്ത് അവരിൽ നിന്നു വരിസംഖ്യയായി ഈ തുക പിരിച്ചെടുക്കാനായിരുന്നു നിർദേശം. അതു നടക്കാതായതോടെ തങ്ങൾക്കു വലിയ സാമ്പത്തിക ബാധ്യതയായി. നേതാക്കളും കയ്യൊഴിഞ്ഞെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ പറയുന്നു.

പാർട്ടിയിൽ കടുത്ത വിഭാഗീയത വളരുന്ന കായംകുളത്താണു പാർട്ടി പത്രത്തിനായി പ്രവർത്തകരെ കടക്കെണിയിലാക്കിയെന്ന പരാതികളും ഉയരുന്നത്. കായംകുളത്തെ വോട്ട് ചോർച്ച വിവാദത്തിനു പിന്നാലെയാണു പുതിയ ആരോപണം.

കുട്ടൻ സഖാവ് എന്ന പേരിലുള്ള എഫ്ബി അക്കൗണ്ടിൽ മുതിർന്ന നേതാവ് ബാങ്ക് നോട്ടിസിന്റെ ചിത്രം സഹിതം നൽകിയ കുറിപ്പ് ഇങ്ങനെ: ‘1979 മുതൽ പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. സിപിഎമ്മിലെ ചിലർ അവരുടെ താൽ‍പര്യങ്ങൾക്കു വേണ്ടി നൂറുകണക്കിനു പേരെ ബലിയാടാക്കി.

സിപിഎം ഭരിക്കുന്ന പുള്ളിക്കണക്ക്, കൃഷ്ണപുരം സഹകരണ ബാങ്കുകളിൽ നിന്ന് 5 വർഷം മുൻപ് പത്രത്തിനായി എടുത്ത വായ്പയ്ക്കു ഞങ്ങളെ ജാമ്യം നിർത്തി. ഈ വകയിൽ രണ്ടു ബാങ്കിലുമായി എനിക്കും ഭാര്യയ്ക്കും മകനും കൂടി 50,000 രൂപയോളം ബാധ്യതയാണ്.

പലതവണ ബാങ്കിൽ നിന്നു നോട്ടിസ് വന്നു. പാർട്ടി നേതൃത്വത്തെ അറിയിച്ചപ്പോൾ ഉടൻ പരിഹരിക്കാമെന്നു പറയുന്നതല്ലാതെ ഒരു തീരുമാനവും എടുത്തില്ല. ‍ഞാനിപ്പോൾ രോഗങ്ങളാൽ അവശനാണ്. 78 വയസ്സായി. പാർട്ടി വരുത്തിയ ഈ കടം എനിക്കു വീട്ടാൻ കഴിയില്ല. തീരുമാനമുണ്ടാക്കിയില്ലെങ്കിൽ വലിയ പ്രശ്നങ്ങളിലേക്ക് എനിക്കു കടക്കേണ്ടിവരും.’ 

Most Popular

error: