Saturday, 27 July - 2024

ഹജ്ജ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഹാജിമാരുടെ ഒഴുക്ക് തുടരുന്നു, മലയാളി ഹാജിമാരുടെ വരവ് പൂർത്തിയായി

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് ഹജ്ജിനു ദിവസങ്ങൾ ബാക്കി നിൽക്കെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഹാജിമാരുടെ ഒഴുക്ക് തുടരുന്നു. വിദേശങ്ങളിൽ നിന്നുള്ള ഏതാനും തീർത്ഥാടകർ മാത്രമാണ് ഇനി എത്തിച്ചേരാനുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ വിദേശ ഹാജിമാരും എത്തിച്ചേരുന്നതോടെ ജിദ്ദയിലെ ഹജ്ജ്‌ ടെർമിനലിന് താൽകാലിക വിരാമമാകും. പിന്നീട് ഹജ്ജിനു ശേഷമായിരിക്കും ഹജ്ജ് ടെർമിനൽ തുറന്നു പ്രവർത്തിക്കുക. 

മലയാളി ഹാജിമാരുടെ വരവും പൂർത്തിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്നായിരുന്നു അവസാനത്തെ ഹജ്ജ് വിമാനം. കൊച്ചിയിൽ നിന്നും കോഴിക്കോടു നിന്നുമുള്ള മുഴുവൻ ഹാജിമാരും കഴിഞ്ഞ ദിവസം മക്കയിൽ എത്തിയിരുന്നു. കണ്ണൂരിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ പുറപ്പെട്ട വിമാനത്തിലെ തീർഥാടകർ രാവിലെ 6.30 ഓടെ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തി. ഈ വിമാനത്തിൽ 322 തീർഥാടകരാണ് യാത്ര ചെയ്തത്. 

ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് മദീന വഴി വന്ന ഹാജിമാർ ഹജ്ജിനു ശേഷം ജിദ്ദ വിമാനത്താവളം വഴിയും ജിദ്ദ വഴി വന്നവർ ഹജ്ജിനു ശേഷം മദീന സന്ദർശനം കഴിഞ്ഞു ഇവിടെ നിന്നും യാത്ര തിരിക്കും. ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തനങ്ങളിൽ ഇന്ത്യൻ ഹാജിമാർ സന്തുഷ്ടരാണ്.

ആഭ്യന്തര ഹാജിമാർ നാളെ മുതൽ (ബുധൻ) മുതൽ മക്കയെ ലക്ഷ്യമാക്കി നീങ്ങും. ഇതിനുള്ള നിർദേശം ദൂര ദിക്കുകളിൽ നിന്നുള്ള സർവ്വീസുകൾ ഹാജിമാർക്ക് നൽകിയിട്ടുണ്ട്. ഇവർ നിശ്ചിത സമയത്ത് മക്കയിൽ എത്തിച്ചേരുകയാണെങ്കിൽ മക്കയിൽ പ്രവേശിച്ച ഉടൻ ഖുദൂമിന്റെ ത്വവാഫ് ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക.

തിരക്കുകളിലും മറ്റും പെട്ട് നിശ്ചിത സമയത്തിനുള്ളിൽ മക്കയിൽ എത്തിച്ചേരാൻ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകൾ ലക്ഷ്യമാക്കി യാത്ര തിരിക്കും. വെള്ളിയാഴ്ചയാണ് ഹജ്ജിനു തുടക്കമാകുകയെങ്കിലും തിരക്കൊഴിവാക്കാനായി വ്യാഴാഴ്ച രാത്രി മുതൽ തന്നെ ഹാജിമാർ മിനായിലേക്ക് യാത്ര തുടങ്ങും.

Most Popular

error: