കൊല്‍ക്കത്ത: ഹിജാബ് നിരോധനവും വിവാദവും വീണ്ടും. കൊല്‍ക്കത്ത സ്വകാര്യ ലോ കോളജിലാണ് സംഭവം. കോളജ് സമയത്ത് ഹിജാബ് ധരിക്കരുതെന്ന് അധ്യാപികയോട് കോളജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. നിര്‍ദ്ദേശത്തിന് പിന്നാലെ അവര്‍ ക്യാംപസില്‍ വരുന്നത് അവസാനിപ്പിച്ചു. ജൂണ്‍ അഞ്ചിന് ഇവര്‍ ജോലിയില്‍ നിന്ന് രാജി വെക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നു വര്‍ഷമായി എല്‍.ജെ.ഡി ലോ കോളജ് അധ്യാപികയായ സഞ്ചിത ഖാദറിനാണ് ഈ അനുഭവമുണ്ടായത്. മെയ് 31 ന് ശേഷം തന്നോട് ഹിജാബ് ധരിച്ച് ക്യാംപസില്‍ വരരുതെ അധികൃതര്‍ നിര്‍ദ്ദേശിച്ചതായി സഞ്ചിത പറയുന്നു.
അധ്യാപിക രാജി വെച്ചതിന് പിന്നാലെ സംഭവം വിവാദമായി. തുടര്‍ന്ന് കോളജ് അധികൃതര്‍ അവരെ സമീപിക്കുകയും തിരിച്ച് കോളജില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല അധ്യാപികയുടെ ആരോപണങ്ങളും കോളജ് നിഷേധിച്ചു.
അത് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തില്‍ വന്ന അപാകതയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഹിജാബ് ധരിക്കുന്നതില്‍ നിന്ന് സഞ്ചിതയെ ഒരിക്കലും വിലക്കിയിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.
എന്നാല്‍ തനിക്ക് കോളജില്‍ നിന്ന് മെയില്‍ ലഭിച്ചിട്ടുണ്ടെന്ന് അധ്യാപിക വ്യക്തമാക്കി. കോളജില്‍ തിരിച്ച് പോകുന്നില്ലെന്നും വിഷയത്തില്‍ ഇനി എന്ത് ചെയ്യണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.