Saturday, 27 July - 2024

മരിച്ചെന്ന് കരുതി സംസ്കാരം നടത്തി; 13 ദിവസത്തിനു ശേഷം ‘പരേതന്‍’ വീട്ടില്‍

ഭോപ്പാല്‍: മരിച്ചെന്ന് കരുതി വീട്ടുകാര്‍ പതിമൂന്നാം ദിവസം അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനിടെ പരേതന്‍ വീട്ടിലെത്തി. മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശിയായ സുരേന്ദ്ര ശര്‍മക്കാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

അടുത്തിടെ, രാജസ്ഥാനിലെ സവായ് മധോപൂരിനടുത്ത് സുർവാളിൽ നടന്ന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ലച്ചോഡ ഗ്രാമത്തിലെ ഒരു കുടുംബം പരിക്കേറ്റയാളെ സുരേന്ദ്ര ശർമ്മയാണെന്ന് തിരിച്ചറിഞ്ഞ് ജയ്പൂരിലേക്ക് കൊണ്ടുപോയി ആശുപത്രിയിലാക്കി.

ആശുപത്രിയില്‍ കഴിയവെ ചികിത്സയ്ക്കിടെ സുരേന്ദ്ര മരിച്ചതായി ജയ്പൂരിലെ ഡോക്ടർമാർ കുടുംബത്തെ അറിയിക്കുകയായിരുന്നു. മരിച്ചയാള്‍ സുരേന്ദ്രയാണെന്ന് കുടുംബം ആദ്യം തിരിച്ചറിഞ്ഞതായി സുർവാൾ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ലാൽ ബഹദൂർ മീണ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുകയും സംസ്കാരം നടത്തുകയും ചെയ്തു.

പതിമൂന്നാം ദിവസത്തെ ചടങ്ങുകള്‍ നടത്താന്‍ കുടുംബം തയ്യാറെടുക്കുന്നതിനിടെ സുരേന്ദ്രയുടെ ഫോണ്‍കോള്‍ ബന്ധുക്കളെ തേടിയെത്തുകയായിരുന്നു. ആദ്യം ആരോ കബളിപ്പിക്കുകയാണെന്നാണ് കരുതിയത്.

എന്നാല്‍ സഹോദരന്‍ വീഡിയോ കോളിലൂടെ സുരേന്ദ്രയുമായി സംസാരിക്കുകയും ജീവനോടെയുണ്ടെന്ന് ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സുരേന്ദ്ര വീട്ടിലെത്തുകയുമായിരുന്നു. സുർവാളിൽ ഒരാൾ അപകടത്തിൽ മരിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. ഷിയോപൂരിലെ ഒരു റോഡരികിലെ റസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ചതിന്‍റെ ബിൽ ഇയാളുടെ പോക്കറ്റിൽ നിന്ന് സുര്‍വാള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

സാമൂഹ്യ പ്രവർത്തകനായ ബിഹാരി സിംഗ് സോളങ്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോ സുരേന്ദ്രയുടേതാണെന്ന് തെറ്റിദ്ധരിച്ച് കുടുംബം അന്ത്യകർമങ്ങൾ നടത്തി. എല്ലാം ആചാരങ്ങളോടു കൂടിയാണ് അജ്ഞാതന്‍റെ മൃതദേഹം സംസ്കരിച്ചതെന്ന് സുരേന്ദ്രയുടെ മാതാവ് കൃഷ്ണ ദേവി പറഞ്ഞു.

ജയ്പൂരിലെ ഒരു വസ്ത്രനിര്‍മാണ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സുരേന്ദ്രക്ക് തന്‍റെ ഫോൺ കേടായതിനാൽ രണ്ട് മാസമായി കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ, സുരേന്ദ്ര ജീവിച്ചിരിപ്പുണ്ടെന്ന് തെളിഞ്ഞതോടെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കുടുംബത്തെ വിളിച്ചിട്ടുണ്ട്.

Most Popular

error: