Saturday, 27 July - 2024

കുത്തിത്തിരിപ്പില്‍ വീഴില്ല: വി ഡി സതീശന്‍

കണ്ണൂര്‍: തൃശൂരില്‍ യുഡിഎഫിനേറ്റ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തില്‍ ആരെയും കുറ്റക്കാരായി കാണാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കട്ടേയെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

ചില മാധ്യമങ്ങള്‍ കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. അതില്‍ താന്‍ വീഴില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വയനാട് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ഇക്കാര്യം തീരുമാനിക്കുന്നത് താനല്ല. തീരുമാനമെടുക്കുന്നതിന് മുമ്പേ ഊഹാപോഹം പറയാന്‍ താനില്ല. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫാണ് തീരുമാനിക്കേണ്ടത്. ഉടന്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കെ മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്ന് കണ്ണൂരിലെ നിയുക്ത എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ പറഞ്ഞു. കെ മുരളീധരന്‍ എവിടെ മത്സരിപ്പിക്കാനും യോഗ്യനാണ്. ആദ്യം അതിന് രാഹുല്‍ ഗാന്ധിയുടെ തീരുമാനം അറിയണം. വേണമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനവും മുരളീധരന് നല്‍കാം. താന്‍ അതില്‍ കടിച്ചു തൂങ്ങില്ലെന്നും സുധാകരന്‍ പറഞ്ഞു.

തൃശൂരില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കും. ഇന്ന് മുരളീധരനുമായി കൂടിക്കാഴ്ച ഇല്ല. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരന്‍ പ്രതികരിച്ചു. മുന്നണിയില്‍ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണിത്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

Most Popular

error: