ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി വിദേശ നേതാക്കൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവർ തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ജൂൺ എട്ടാം തീയതി രാത്രി എട്ടുമണിയ്ക്ക് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് നേതാക്കളെയും ക്ഷണിച്ചേക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ ഇന്ത്യ ക്ഷണിച്ചു.
ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്‌റ്റെക്. 2019-ൽ നടന്ന ചടങ്ങിൽ വിവിഐപികൾ ഉൾപ്പെടെ 8,000 അതിഥികളാണ് പങ്കെടുത്തത്.
2014ൽ മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉൾപ്പെടെ എല്ലാ സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.