Saturday, 14 December - 2024

‘അധികാരത്തിന് വേണ്ടി സമുദായത്തെ ഒറ്റുകൊടുത്ത യഥാർത്ഥ ജൂതാസ്’; കെ ടി ജലീലിനെതിരെ പി കെ നവാസ്

മലപ്പുറം: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്കെതിരെ ഉന്നയിച്ച വിമർശനത്തിൽ കെടി ജലീൽ എംഎല്‍എയ്ക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ആദരണീയരായ സമസ്തയുടെ മുശാവറാ അംഗങ്ങളെ ആക്ഷേപിക്കാൻ കെ ടി ജലീൽ ആരാണെന്ന് നവാസ് ചോദിച്ചു. ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ സിപിഐഎം വിരോധവും ലീഗ് പ്രേമവുമാണെന്നായിരുന്നു ജലീലിന്റെ വിമർശനം.

സിപിഐഎമ്മിന്റെ വരാന്തയിൽ ചുരുണ്ടു കൂടി രാകിനാവ് കാണുന്ന താങ്കൾ സമസ്തയുടെ മുശാവറ അംഗങ്ങളെ തെറിവിളിച്ച് അധിക്ഷേപിച്ചാൽ, ആ കിനാവുകൾ സാഫല്യമാകും എന്ന വിചാരമുണ്ടെങ്കിൽ താങ്കൾ പാഴ്സ്വപ്നക്കാരനാണെന്നാണ് നവാസ് തിരിച്ചടിച്ചത്.

ഇടത് പക്ഷത്തിന്റെ തോളിലേറി തന്റെ കേവലമായ അധികാര താത്പര്യത്തിന് ഈ സമുദായത്തെ ഒറ്റുകൊടുത്ത താങ്കളാണ് ജൂതാസ് എന്ന പേരിനുള്ള യഥാർത്ഥ അവകാശി. സ്വന്തം വീട്ടിലെ കണ്ണാടി കാണിച്ചു തരും ആ ജൂദാസിൻ്റെ മുഖം. ആ പട്ടം സമസ്തയുടെ നേതാക്കൾക്കെതിരെ വേണ്ടെന്നും നവാസ് പറഞ്ഞു.

‘സുപ്രഭാതത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തിരുന്ന് അതിനെ കൊല്ലാൻ ശ്രമിക്കുന്നത് ജൂതാസിനെപ്പോലും നാണിപ്പിക്കും. നദ്‌വി ചന്ദ്രികയുടെ ചീഫ് എഡിറ്റർ ആവുന്നതാണ് നല്ലത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നദ്‌വി കപ്പലിൽ വെള്ളമില്ലാതായപ്പോൾ താഴത്തെ നിലയിൽ ഓട്ടയുണ്ടാക്കി പ്രശ്നം പരിഹരിച്ച “തൊരപ്പന്റെ” പണിയാണ് എടുക്കുന്നത്’; കെടി ജലീൽ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പികെ നവാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അന്ന് താങ്കൾ ആദരണീയനായ സമസ്ത മുശാവറ അംഗം എം.ടി ഉസ്താദിനെ അറു വഷളനെന്ന് ആക്ഷേപിച്ചു.

ഇന്ന് മുശാവറ അംഗം ആദരണീയനായ ബഹാവുദ്ദീൻ ഉസ്താദിനെ താങ്കൾ വിളിച്ചത് “ തൊരപ്പൻ പണിയെടുക്കുന്നവർ, ജുതാസെന്നുമാണ്”

നാവിന് എല്ലില്ലെന്ന് കരുതി, ആദരണീയരായ സമസ്തയുടെ മുശാവറാ അംഗങ്ങളെ ഇങ്ങനെ ആക്ഷേപിക്കാൻ താങ്കൾ ആരാണ്.?

സി.പി.എമ്മിന്റെ വരാന്തയിൽ ചുരുണ്ടു കൂടി രാകിനാവ് കാണുന്ന താങ്കൾ സമസ്തയുടെ മുശാവറ അംഗങ്ങളെ തെറിവിളിച്ച് അധിക്ഷേപിച്ചാൽ, ആ കിനാവുകൾ സാഫല്യമാകും എന്ന വിചാരമുണ്ടെങ്കിൽ താങ്കൾ പാഴ്സ്വപ്നക്കാരനാണ്.

ഇടത് പക്ഷത്തിന്റെ തോളിലേറി തന്റെ കേവലമായ അധികാര താത്പര്യത്തിന് ഈ സമുദായത്തെ ഒറ്റുകൊടുത്ത താങ്കളാണ് ജൂതാസ് എന്ന പേരിനുള്ള യഥാർത്ഥ അവകാശി.സ്വന്തം വീട്ടിലെ കണ്ണാടി കാണിച്ചു തരും ആ ജൂദാസിൻ്റെ മുഖം. ആ പട്ടം സമസ്തയുടെ നേതാക്കൾക്കെതിരെ വേണ്ട.!

വിശ്വാസത്തിന്റെ അടിത്തറയിൽ നിന്ന് ബഹുമാന്യരായ പണ്ഡിതൻമാർ നിലപാട് പറയുമ്പോൾ, താങ്കൾ അവരെ പരിഹസിക്കുന്നത് ചിലരെ സംതൃപ്ത്തിപ്പെടുത്താനാണെന്നറിയാം. ആ സംതൃപ്തി സമസ്തയുടെ നേതാക്കളെ പ്രതികളാക്കിയും അധിക്ഷേപിച്ചും വേണ്ട.!

ബഹു: സമസ്തക്ക് വേണ്ടി ഒരു പോസ്റ്ററൊട്ടിക്കാത്ത ഒരു തുള്ളി വിയർപ്പൊഴുക്കാത്ത താങ്കൾ ഞങ്ങളുടെ പണ്ഡിതന്മാരെ അളക്കാൻ വരരുത്.! എ.കെ.ജി സെൻ്ററിലെ അളവ് കോൽ വെച്ച് സമസ്തയുടെ നേതാക്കളെ അളക്കാൻ നിൽക്കരുത്.

ഇ.എം.എസ്സും, എ.കെ.ജി യുമില്ലാത്ത സ്വർഗ്ഗം എനിക്ക് വേണ്ടെന്ന് പണ്ട് താങ്കൾ പറഞ്ഞപോലെ ബഹു: സമസ്തയുടെ ഒരു ഘടകത്തിലും അംഗത്വമില്ലാത്ത താങ്കളുടെ ഉപദേശം ഞങ്ങൾക്കാവശ്യാമില്ല. നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി.

കൗശലക്കാരനായ കുറുക്കനെ പോലെ ഇവിടെനിന്ന് ഒരു തുള്ളി രക്തമാഗ്രഹിക്കുന്ന താങ്കളുടെ വികൃത മനസ്സിന് വർത്തമാന സാഹചര്യത്തിൽ കയ്യടി പ്രതീക്ഷിക്കുന്നുവെങ്കിൽ, ഒരു കാര്യം മാത്രം പറയാം ‘സമുദായ ചിദ്രതയിലാണ് തന്റെ രാഷ്ട്രീയ ലാഭമെന്നും തിരിച്ചറിഞ്ഞ താങ്കളെ പോലോത്ത മീർ ജാഫർമാരെ തിരിച്ചറിയാത്ത പ്രശ്നം സമുദായത്തിനില്ല’.

_പികെ നവാസ്_

Most Popular

error: