Saturday, 27 July - 2024

അക്കൗണ്ടിൽ പണം എത്തിയെന്ന് എസ്എംഎസ് വന്നു, പിറകെയൊരു ഫോൺ കോൾ; സൂക്ഷിച്ച് നോക്കിയാൽ പിടികിട്ടും ഈ കെണി

ബംഗളുരു: അക്കൗണ്ടിലേക്ക് ആരോ പണം നിക്ഷേപിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു സന്ദേശം. ബാങ്കിൽ നിന്ന് എപ്പോഴും വരുന്നത് പോലെയൊണ് ഒറ്റനോട്ടത്തിൽ ആ എസ്.എം.എസ് കണ്ടപ്പോഴും തോന്നിയത്. എന്നാൽ തൊട്ടുപിന്നാലെ പണത്തിന് ഒരു അവകാശി എത്തിയപ്പോഴാണ് വന്ന എംഎസ്എസ് ഒന്ന് സൂക്ഷിച്ച് വായിച്ച് നോക്കുന്നത്. തട്ടിപ്പ് മണത്തറി‌ഞ്ഞ് തിരികെ വിളിച്ച് നോക്കിയപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു. അൽപം ജാഗ്രത കാണിച്ചതു കൊണ്ടു മാത്രം കൈയിലിരുന്ന കുറേ പണം നഷ്ടമാവാതെ സൂക്ഷിക്കാൻ പറ്റിയ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് ബംഗളുരുവിൽ ഐ.ടി രംഗത്ത് പ്രവ‍ർത്തിക്കുന്ന അതിഥി എന്ന യുവതി.

ജോലി സംബന്ധമായ ഒരു കോളിൽ ആയിരുന്നപ്പോഴാണ് അതിഥിക്ക് ഒരു ഫോൺ വരുന്നത്. എടുത്ത് നോക്കിയപ്പോൾ അൽപം പ്രായം തോന്നിക്കുന്ന ഒരു വ്യക്തി. അതിഥിയുടെ അച്ഛനെ അറിയുന്ന ആളാണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക്  കുറച്ച് പണം ട്രാൻസ്ഫർ ചെയ്ത് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നെന്നും അറിയിച്ചു. എന്നാൽ അക്കൗണ്ടിൽ ചില പ്രശ്നങ്ങളുള്ളത് കാരണം അതിഥിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാമെന്നും വിളിച്ചയാൾ പറഞ്ഞു.

ഫോൺ വെച്ച് മിനിറ്റുകൾ കഴിഞ്ഞപ്പോൾ എസ്.എം.എസ് സന്ദേശം എത്തി. ഒറ്റനോട്ടത്തിൽ ബാങ്കിൽ നിന്ന് വരുന്ന എസ്.എം.എസ് പോലെ തന്നെ. അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് തന്നെയെന്ന് അതിഥി വിചാരിച്ചു. അൽപം കഴി‌ഞ്ഞപ്പോൾ വീണ്ടും ഫോൺ കോൾ വന്നു. താൻ 3000 രൂപയാണ് ഇടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും അബദ്ധത്തിൽ 30,000 രൂപ അയച്ചുപോയി എന്നായിരുന്നു അപ്പോഴത്തെ വാദം. അധികമുള്ള തുക തിരികെ തരാമോ എന്നും ചോദിച്ചു. എന്നാൽ എന്തോ പന്തികേട് തോന്നിയ യുവതി. എസ്.എം.എസ് ഒരിക്കൽ കൂടി എടുത്തു നോക്കിയപ്പോൾ അതിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് മനസിലായി. അപ്പോഴാണ് ഒരു തട്ടിപ്പിൽ നിന്ന് താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് അവർക്ക് മനസിലായത്.

ബാങ്കിൽ നിന്ന് കിട്ടുന്ന എസ്.എം.എസ് പോലെ തന്നെ തോന്നുമായിരുന്നെങ്കിലും സൂക്ഷിച്ച് നോക്കിയാൽ ചില വ്യത്യാസങ്ങൾ കാണാനാവും. ഇതിന് പുറമെ ഒരു സാധാരണ മൊബൈൽ നമ്പറിൽ നിന്നാണ് ഈ സന്ദേശം വന്നത് എന്നതും സംശയം വർദ്ധിപ്പിച്ചു. ആശുപത്രി കേസായത് കൊണ്ട് പണം അത്യാവശ്യമാണെന്നും ഇപ്പോൾ തന്നെ അയക്കണമെന്നും ശഠിച്ച തട്ടിപ്പുകാരൻ ഇതിനായി യുപിഐ ഐഡി അയച്ചുനൽകാമെന്നും പറ‌ഞ്ഞു. സംഗതി മനസിലാക്കി തിരികെ വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖമാണിതെന്ന് പലരും സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട് ഇപ്പോൾ.

Most Popular

error: