Friday, 21 June - 2024

അറബിക്കടൽ തിളച്ചു മറിയുന്നു, തണുക്കാൻ സാധ്യത കുറവ്; ചൂടും തീവ്രചുഴലികളും പതിവാകും, പ്രളയവും വരും

കൊച്ചി: സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലെ വേനൽക്കാലങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പു നൽകി പുതിയ പഠനം. അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്ന പ്രവണതയ്ക്കു തുടക്കമിട്ടതാണ് കേരളത്തിലും മറ്റും ചൂട് വർധിപ്പിക്കുന്നതെന്നു വ്യക്തമായ സാഹചര്യത്തിൽ കേരളം ജാഗ്രതയോടെ കാണേണ്ട പഠനം പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയാണു പുറത്തുവിട്ടത്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചൂട് ഓരോ വർഷവും കൂടി വരുന്നതിനാൽ കടൽ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണമാണ് ഉഷ്ണതരംഗത്തിനിടെ മറ്റൊരു ആശങ്കയായി പടരുന്നത്. കടൽ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങു വരെ വർധിച്ച് 220 മുതൽ 250 വരെ ദിവസങ്ങൾ എന്ന സ്ഥിതി സംജാതമാകും. വർഷത്തിൽ 20 ദിവസം മാത്രമാണ് നിലവിൽ കടൽത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാൽ കരയിൽ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാൽ സ്ഥിതിഗതികൾ മാറി മറിയും. 

അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. 

2017 നവംബറിൽ കേരള തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റ് ഈ പ്രവണതയ്ക്കു തുടക്കമിട്ടു. ചൂടു കൂടുന്നതോടെ കടൽ തിളച്ചുതൂവുന്ന കള്ളക്കടൽ പ്രതിഭാസം കേരളം ഉൾപ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടൽ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കേണ്ട സ്ഥിതി സംജാതമാകും. 

ഓരോ സെക്കൻഡിലും ഒരു അണുബോംബ് പൊട്ടുന്നത്ര തീവ്രമാണ് ചൂടിൽ നിന്നുണ്ടാകുന്ന താപോർജമെന്ന് പഠനത്തിനു നേതൃത്വം നൽകിയ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ ഡോ. റോക്സി മാത്യു കോൾ പറയുന്നു. ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമർദം രൂപപ്പെട്ടാൽ ഏതാനും മണിക്കൂറിനുള്ളിൽ അത് അതിശക്ത ചുഴലിക്കാറ്റായി മാറാൻ തക്കവിധത്തിൽ കടൽ ചൂടായി കിടക്കുന്നു.  

പവിഴപ്പുറ്റുകളും മറ്റും ചീഞ്ഞ് നിറം മാറുന്ന പ്രവണത ഇപ്പോൾ തന്നെ കാണപ്പെടുന്നു. ഇതു മത്സ്യസമ്പത്തിനെ സാരമായി ബാധിക്കും. ചൂട് ഏറുന്നതോടെ മത്സ്യങ്ങൾ ആഴത്തിലേക്കു പോകും. കടൽ ജലത്തിന്റെ പിഎച്ച് മൂല്യം കുറയുന്നതുമൂലം അമ്ലത്വം വർധിക്കും. ഇതും കടലിന്റെ ആവാസ വ്യവസ്ഥയെയും ഓക്സിജൻ ഉൽപ്പാദനത്തെയും ബാധിക്കും. കടലിൽ മത്സ്യവളർച്ചയെ സഹായിക്കുന്ന ഹരിത– പ്ലവകങ്ങൾ ഏറ്റവും കുറയുന്നത് അറബിക്കടലിലായിരിക്കും.

കാലാവസ്ഥാ മാറ്റവും ആഗോള താപനവും നമ്മുടെ കൺമുമ്പിൽ ഇപ്പോൾതന്നെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രസക്തി എന്നും റോക്സി പറഞ്ഞു. ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരും മറ്റ് ആഗോള തലത്തിലെ ചില ഗവേഷകരും ചേർന്ന് തയാറാക്കിയ പഠനം എൽസെവിയർ എന്ന ശാസ്ത്ര മാസികയാണു പ്രസിദ്ധീകരിച്ചത്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: