Saturday, 27 July - 2024

മോശമായി പെരുമാറിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍, ആര്യക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും; വികെ സനോജ്

അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്; മെമ്മറി കാർഡ് ഡിലീറ്റ് ചെയ്തിട്ടുണ്ടാകും: ഡ്രൈവർ യദു

കണ്ണൂര്‍: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ മേയര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ആര്യ രാജേന്ദ്രനെതിരെ സൈബര്‍ അതിക്രമം നടക്കുകയാണെന്നും ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും വികെ സനോജ് പറഞ്ഞു.

മഹാനായ വ്യക്തിയായി ഡ്രൈവറെ മാറ്റുകയാണെന്നും വി കെ സനോജ് ആരോപിച്ചു. ആര്യ രാജേന്ദ്രനെതിരെ ഇപ്പോള്‍ നടക്കുന്നത് ആസൂത്രിത നീക്കമാണ്. സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ്. സംഭവത്തിൽ ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ഡ്രൈവറാണ് മോശമായി പെരുമാറിയത്. ലൈംഗിക അധിക്ഷേപമുണ്ടായാൽ ചോദ്യം ചെയ്യുക തന്നെ വേണം. ആര്യയുടേത് ശരിയായ പ്രതികരണമാണ്. പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണം. മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നെങ്കിൽ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യുമെന്നും വികെ സനോജ് പറഞ്ഞു.

ഇതിനിടെ, മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു. റെക്കോര്‍ഡിങ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഇല്ലാതാക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്‍റെ ഭാഗമാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. ഈ ദൃശ്യങ്ങള്‍ പുറത്തുവരണം എന്നാണ് ആഗ്രഹം. എന്‍റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞു.

അതേസമയം, മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഡ്രൈവർ യദു ഓടിച്ച കെഎസ്ആർടിസി ബസിനുളളിൽ സിസിസിടി ക്യാമറയിൽ ഒരു  ദൃശ്യവുമുണ്ടായിരുന്നില്ലെന്ന്  പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. 

അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്; മെമ്മറി കാർഡ് ഡിലീറ്റ് ചെയ്തിട്ടുണ്ടാകും: ഡ്രൈവർ യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പ്രതികരണവുമായി യദു. അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നതെന്നും അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകുമെന്നും യദു പ്രതികരിച്ചു. താനൊരു സാധാരണ ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണെന്നും യദു റിപ്പോർട്ടറിനോട് പറഞ്ഞു.

താൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നത് തെളിയിക്കേണ്ട ആവശ്യം അവർക്കാണ് ഉള്ളതെന്നും യദു കൂട്ടിച്ചേർത്തു. തനിക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന പേരിൽ മുൻപ് ഒരു സ്ത്രീ നൽകിയ പരാതി രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു സ്ത്രീ നൽകിയ പരാതിയാണത്. നിയമപരമായി മുന്നോട്ട് പോയ കേസിൽ തന്നെ വെറുതെവിട്ടിരിക്കുന്നുവെന്ന് കോടതി വിധിക്കുകയായിരുന്നുവെന്നും യദു വ്യക്തമാക്കി.

യദുവിന്റെ വാക്കുകൾ

ഞാൻ സാധാ ഒരു ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണ്. ക്യാമറ വർക്കിങ് ആയിരുന്നു. ബസിനുള്ളിൽ സ്‌ക്രീനുണ്ടായിരുന്നു. സാധാരണ ഈ ദൃശ്യങ്ങൾ സിഎംഡിയുടെ ഓഫീസിൽ റെക്കോർഡ് ആവേണ്ടതാണ്. അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്. അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകും. ഞാൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നുള്ളത് അവർക്കാണ് തെളിയിക്കേണ്ടത്.

Most Popular

error: