Saturday, 27 July - 2024

ഐസാണെന്ന് കരുതി ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം

റായ്പൂർ: ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ഗ്രാമത്തിൽ അമ്മയോടൊപ്പം വിവാഹത്തിന് പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഐസ് ആണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് എടുത്ത് കഴിക്കുകയായിരുന്നു. ഖുശാന്ത് സാഹുവാണ് മരിച്ചത്. കൃത്രിമ മൂടൽമഞ്ഞിനായി സംഘാടകർ വിവാഹത്തിൽ ഡ്രൈ ഐസ് ഉപയോഗിച്ചിരുന്നു.

അതാണ് കുട്ടി എടുത്ത് കഴിച്ചത്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഖുശാന്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രക്ഷിതാക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

മാർച്ച് രണ്ടിന് ഗുരുഗാവിലെ സെക്ടർ 90ൽ പ്രവർത്തിക്കുന്ന ലാ ഫോറസ്റ്റ കഫേയിൽ അഞ്ചുപേർ ആശുപത്രിയിലായ സംഭവത്തിൽ വില്ലനായതും ഡ്രൈ ഐസ് തന്നെയാണ്. മൗത്ത് ഫ്രഷ്നർ എന്ന് കരുതി ഡ്രൈ ഐസ് കഴിച്ചവർക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കാർബൺ ഡൈ ഓക്സൈഡിന്‍റെ തണുത്തതും ഘനീഭവിച്ചതുമായ രൂപമാണ് ഡ്രൈ ഐസ്. മൂടൽമഞ്ഞ് പോലുള്ള പ്രത്യേക ഇഫക്റ്റുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഇവ ചെറിയതോ കുറഞ്ഞ വായുസഞ്ചാരമുള്ളതോ ആയ മുറിയിലാണ് സൂക്ഷിക്കുന്നത്. ഭക്ഷ്യ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിലെ ഷിപ്പിംഗ് ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഇവ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ പൊള്ളലിനും ശ്വാസം മുട്ടൽ അടക്കമുള്ള പ്രശ്നങ്ങൾക്കും കാരണമാവും.

Most Popular

error: