റിയാദ്: അബ്ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും കോടതി നടപടികൾക്കായി കാത്തിരിക്കുകയാണെന്നും വാദിഭാഗം അഭിഭാഷകൻ പറഞ്ഞതായി റിയാദിലെ റഹീം സഹായ സമിതി അറിയിച്ചു.
പണം സമാഹരിച്ചത് കൊണ്ട് മാത്രം പെട്ടെന്ന് കാര്യങ്ങൾ നടക്കുമെന്ന് കരുതരുത്. 18 വർഷത്തോളമായി കോടതിയിലുള്ള കേസാണ്. നടപടിക്രമങ്ങൾ ഓരോന്നായി തീർത്ത് വരേണ്ടതുണ്ട്. അതിനുള്ള സമയം എടുക്കും. ദിയ ധനം നൽകാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ടും കുടുംബത്തിന്റെ മാപ്പ് നൽകാനുള്ള സമ്മതം അറിയിച്ചുകൊണ്ടും കോടതിക്ക് നൽകിയ കത്ത് മുൻ കോടതി വിധി നടപ്പിലാക്കുന്നത് താൽകാലികമായി നിർത്തിവെക്കാൻ സഹായകരമാകും എന്നല്ലാതെ കേസ് അതുകൊണ്ട് മാത്രം അവസാനിക്കുന്നില്ല.
വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവുണ്ടാകണം. എങ്കിലേ ഒന്നാം ഘട്ടം പൂർത്തിയാകൂ. കേസിൽ തുടർന്നുള്ള നീക്കങ്ങൾ കോടതിയിൽ നിന്നും ഗവർണറേറ്റിൽ നിന്നുമുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കും. വരും ദിവസങ്ങളിൽ റിയാദ് ഗവർണറേറ്റിലും കോടതിയിലും നേരിട്ട് ചെന്ന് കേസിന്റെ പുരോഗതി അറിയാൻ ശ്രമിക്കുമെന്നും കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞതായി സമിതി അറിയിച്ചു.
പണം എങ്ങിനെയാണ് കൈമാറേണ്ടതെന്ന് അടുത്ത സിറ്റിങ്ങിൽ കോടതി നിർദേശിക്കും എന്നാണ് കരുതുന്നത്. കോടതിയിലോ ഗവർണറേറ്റിലോ ചെക്കായി നൽകുകയാണ് പതിവ്. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ചു ഇന്ത്യൻ എംബസി അക്കാര്യങ്ങൾ നീക്കും.
പണം സൗദിയിലെത്താനുള്ള നടപടിക്രമങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസി നേരത്തെ ആരംഭിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശം വരുമ്പോഴേക്ക് നടപടി പൂർത്തിയായി പണം സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.