- അയൽ രാജ്യങ്ങളോട് ക്ഷമാപണം നടത്തിയ പ്രസിഡന്റിന്റെ നടപടി രാജ്യത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്ന് ഇറാനിലെ തീവ്രനിലപാടുകാർ ആരോപിക്കുന്നു.
തെഹ്‌റാൻ: ഗൾഫ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ്റെ പ്രസ്താവന തള്ളി ഇറാൻ ചീഫ് ജസ്റ്റിസും ഐ ആർ ജി സിയും. ഇറാനെ ആക്രമിക്കാൻ പ്രദേശത്ത് താവളമൊരുക്കിയ രാജ്യങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് വ്യക്തമാക്കി.
അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ഇറാൻ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്സ് (IRGC) ഉം വ്യക്തമാക്കി. അയൽ രാജ്യങ്ങളോട് ക്ഷമാപണം നടത്തിയ പ്രസിഡന്റിന്റെ നടപടി രാജ്യത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്ന് ഇറാനിലെ തീവ്രനിലപാടുകാർ ആരോപിക്കുന്നു. നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ക്ഷമ ചോദിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് കൺസർവേറ്റീവ് എം.പി ജലാൽ റശീദി കൗഷിയുടെ നിലപാട്. പ്രസിഡന്റ് ദുർബലനാണെന്നും അദ്ദേഹത്തിന് നിശ്ചയദാർഢ്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അയൽ രാജ്യങ്ങളെ ആക്രമിച്ച നടപടിയിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. എന്നാൽ സമൂഹമാധ്യമ പോസ്റ്റിൽ വിഡിയോ അഭിസംബോധനയിലെ മാപ്പപേക്ഷ പെസഷ്കിയാൻ്റെ ഓഫീസ് തിരുത്തി. അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
മേഖലയിൽ യു.എസ് സൈനിക താവളങ്ങൾ ഉള്ളിടത്തോളം കാലം അയൽ രാജ്യങ്ങളിൽ സമാധാനം ഉണ്ടാകില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വ്യക്തമാക്കി. പ്രസിഡന്റിന്റെ ക്ഷമാപണം റെവല്യൂഷണറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ബ്രിട്ടൻ മധ്യപൂർവേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ഒടുവിൽ ചിന്തിച്ചു തുടങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം വിജയിച്ചതിനുശേഷം യുദ്ധങ്ങളിൽ ചേരുന്ന ആളുകളെ തങ്ങൾക്ക് ആവശ്യമില്ലെന്നും ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപിന്റെ പരിഹാസം.





