അലര്‍ച്ചകേട്ട് ഓടിയെത്തിയ നാട്ടുകാര്‍, നാട് നടുങ്ങിയ ദിനം…, അരിച്ചുപെറുക്കി അന്വേഷണം…, ചോദ്യംചെയ്യലുകള്‍, ദിവസങ്ങള്‍ പിന്നിട്ട അന്വേഷണം…, സിസിടിവി ദൃശ്യങ്ങള്‍, ലക്ഷക്കണക്കിന് ഫോണ്‍കോളുകള്‍…
കല്പറ്റ: നാട് നടുങ്ങിയ ഇരട്ടക്കൊല, ജില്ലയിലെ പോലീസ് സംവിധാനമെല്ലാം പ്രതിക്കായി അന്വേഷണം നടത്തിയത് മൂന്നുമാസത്തിലേറെ. കൃത്യം നടന്ന് നൂറാംദിവസം പ്രതിയെ പോലീസ് പിടികൂടി. വയോധികരായ ദമ്പതിമാരെ അതിദാരുണമായി വെട്ടിക്കൊന്നത് അയല്‍ക്കാരനായ യുവാവ് ആണെന്നറിഞ്ഞതോടെ നാട്ടുകാരും ഞെട്ടി. ഒടുവില്‍ രണ്ടരവര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിക്ക് കോടതി വധശിക്ഷയും വിധിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2021 ജൂണ്‍ പത്താം തീയതി രാത്രിയാണ് വയനാട് പനമരം നെല്ലിയമ്പം ‘പത്മാലയ’ത്തില്‍ കേശവന്‍ (75) ഭാര്യ പത്മാവതി(65) എന്നിവര്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി മണിക്കൂറുകള്‍ക്കുള്ളില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
2021 സെപ്റ്റംബര്‍ 17-നാണ് കേസിലെ പ്രതിയും ദമ്പതിമാരുടെ അയല്‍വാസിയുമായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍(27) പോലീസിന്റെ പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് അര്‍ജുന്‍ വയോധിക ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. 2023 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ ഒടുവില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.
അലര്‍ച്ചകേട്ട് ഓടിയെത്തിയ നാട്ടുകാര്‍, നാട് നടുങ്ങിയ ദിനം…
2021 ജൂണ്‍ പത്താം തീയതി രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിന് നടുവിലായി സ്ഥിതിചെയ്യുന്ന ‘പത്മാലയം’ വീട്ടില്‍നിന്നും പത്മാവതിയുടെ അലര്‍ച്ചകേട്ടാണ് സമീപവാസികള്‍ ഇവിടേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ വെട്ടേറ്റ കഴുത്തില്‍ തുണികൊണ്ട് പൊത്തിപ്പിടിച്ച് പത്മാവതി ആരെയോ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടപ്പുറത്തായി ഹാളിന്റെ ഒരുഭാഗത്ത് ചോരയില്‍ കുളിച്ചനിലയില്‍ കേശവന്‍ വീണുകിടക്കുകയായിരുന്നു.
രണ്ടുപേര്‍ക്കും മാരകമായി പരിക്കേറ്റെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ ഇരുവരെയും ഉടന്‍തന്നെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പക്ഷേ, ആശുപത്രിയില്‍ എത്തിക്കും മുന്‍പേ കേശവന്‍ മരിച്ചിരുന്നു. ഗുരുതരപരിക്കേറ്റ പത്മാവതി രാത്രി 12 മണിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് തൊട്ടുമുന്‍പും മരണത്തിന് കീഴടങ്ങി.
അരിച്ചുപെറുക്കി അന്വേഷണം…
സംഭവദിവസം രാത്രി മുതല്‍ പ്രതിക്കായി നാട് മുഴുവന്‍ പോലീസ് അരിച്ചുപെറുക്കി. നെല്ലിയമ്പത്തും പരിസരപ്രദേശങ്ങളിലും പോലീസ് വ്യാപകമായ പട്രോളിങ് നടത്തിയെങ്കിലും സംശയാസ്പദമായി ആരെയും സംഭവദിവസം കണ്ടെത്താനായില്ല. അടുത്തദിവസങ്ങളില്‍ കൊലപാതകം നടന്ന വീട്ടില്‍നിന്ന് പരമാവധി ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനായിരുന്നു പോലീസിന്റെ ശ്രമം. വീടിനരികിലെ ഏണിയില്‍നിന്ന് ഒരു വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍നിന്ന് ചോരക്കറയുള്ള ഒരു തുണിയും പോലീസിന് കിട്ടി. വീടിനകത്തുനിന്ന് ഒരു സിഗരറ്റിന്റെ കൂടും കണ്ടെടുത്തു.
അര്‍ജുന്‍, കൊലപാതകം നടന്ന പത്മാലയം വീട്.
ഇതിനിടെ, വീടിന്റെ പിറകുവശത്തെ ജനലഴികള്‍ ഊരിമാറ്റിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവ പിന്നീട് തോട്ടത്തില്‍നിന്ന് പോലീസ് കണ്ടെടുത്തു. അതേസമയം, കനത്ത മഴ കാരണം വീടിന് പുറത്തെ തെളിവുകള്‍ നഷ്ടമായത് വെല്ലുവിളിയായി.
ജനലഴി അഴിച്ചുമാറ്റിയാകാം കൊലയാളി വീടിനകത്ത് പ്രവേശിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അകത്തുകടക്കാനാവൂ എന്നും പോലീസ് വിലയിരുത്തി. പ്രൊഫഷണല്‍ സംഘമാണോ കൊലയ്ക്ക് പിന്നിലെന്ന് വരെ ഒരുഘട്ടത്തില്‍ സംശയമുണ്ടായി. എന്നാല്‍, ആഴ്ചകള്‍ പിന്നിട്ടിട്ടും ഇരട്ടക്കൊലക്കേസില്‍ കൊലയാളിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ത്തപ്പി.
ചോദ്യംചെയ്യലുകള്‍, ദിവസങ്ങള്‍ പിന്നിട്ട അന്വേഷണം…
അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി.യായിരുന്ന എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ 41 അംഗ പ്രത്യേകസംഘമാണ് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ അന്വേഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് നെല്ലിയമ്പത്തെയും പരിസരത്തെയും മുഴുവന്‍ കുടുംബങ്ങളെയും പോലീസ് പലതവണ ചോദ്യംചെയ്തു. പ്രദേശത്തെ അതിഥി തൊഴിലാളികള്‍, ജയില്‍പുള്ളികള്‍ തുടങ്ങിയവരും ചോദ്യംചെയ്യലിന് വിധേയരായി. അടുത്തബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തു.
കേസിലെ പ്രതിയായ അയല്‍വാസി അര്‍ജുനെയും ആദ്യഘട്ടത്തില്‍ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. പക്ഷേ, ആദ്യഘട്ടത്തില്‍ അര്‍ജുനെ സംശയിക്കുന്നതരത്തിലുള്ള തെളിവുകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. ഇതിനിടെ, പോലീസിന്റെ നിരന്തരമായ ചോദ്യംചെയ്യല്‍ കാരണം നാട്ടുകാരില്‍ പലരും പരാതി ഉന്നയിച്ചു. എന്നാല്‍, പ്രതിയെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ ലക്ഷ്യം.
സിസിടിവി ദൃശ്യങ്ങള്‍, ലക്ഷക്കണക്കിന് ഫോണ്‍കോളുകള്‍…
അന്വേഷണത്തിന്റെ ഭാഗമായി നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. മൂവായിരത്തോളം പേരെ നിരീക്ഷിച്ചു. അഞ്ചുലക്ഷത്തോളം ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചു. ഇതിനിടെ, ശാസ്ത്രീയതെളിവുകളും ഒട്ടേറെയാളുകളെ ചോദ്യംചെയ്തതില്‍നിന്നും അന്വേഷണം അര്‍ജുനിലേക്ക് എത്തി. ഇയാളെ വീണ്ടും ചോദ്യംചെയ്യാനായി സെപ്റ്റം ഒമ്പതിന് പോലീസ് വിളിച്ചുവരുത്തി. പക്ഷേ, ചോദ്യംചെയ്യലിനെത്തിയ പ്രതി കൈയില്‍ കരുതിയ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
മാനന്തവാടി ഡിവൈ.എസ്.പി. ഓഫീസില്‍ ചോദ്യംചെയ്യല്‍ നടക്കുന്നതിനിടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട പ്രതി, ഇറങ്ങിയോടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് എലിവിഷം കഴിക്കുകയുമായിരുന്നു. ഇയാളെ ഉടന്‍തന്നെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രതി അപകടനില തരണംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മോഷണശ്രമത്തിനിടെയാണ് റിട്ട. അധ്യാപകനായ കേശവനെയും ഭാര്യ പത്മാവതിയെയും അര്‍ജുന്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വീടുമായി ബന്ധമുണ്ടായിരുന്ന അര്‍ജുന്‍ സംഭവദിവസം രാത്രി ഇവിടെ മോഷണത്തിനെത്തി. എന്നാല്‍, മോഷണത്തിനെത്തിയ അര്‍ജുനെ വീട്ടുകാര്‍ കണ്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ, നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസില്‍ മൂന്നുമാസത്തിന് ശേഷമാണെങ്കിലും പ്രതിയെ പിടികൂടാനായത് പോലീസിന് നേട്ടമായി. കേസില്‍ അന്വേഷണം നടത്തിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി.യുടെ ബഹുമതിയും ലഭിച്ചു. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്‍, മാനന്തവാടി ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, തിരുവനന്തപുരം നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ എസ്. സതീഷ്‌കുമാര്‍, പുല്പള്ളി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. ദേവജിത്ത്, മേപ്പാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. നൗഫല്‍ എന്നിവര്‍ക്കാണ് കുറ്റാന്വേഷണ മികവിനുള്ള ബഹുമതി ലഭിച്ചത്.
കേസില്‍ അന്വേഷണോദ്യോഗസ്ഥനുള്‍പ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 2023 ഡിസംബര്‍ 20-നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. ഫെബ്രുവരി 16-നാണ് വാദംകേള്‍ക്കല്‍ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സണ്ണിപോളും അഡ്വ. പി.എം. സുമേഷും പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോര്‍ജും ഹാജരായി. ഒടുവില്‍ 2024 ഏപ്രില്‍ 29-ന് കോടതി ശിക്ഷ വിധിച്ചു. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനില്‍ കുമാര്‍ ശിക്ഷ വിധിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക