ജിദ്ദ: സഊദിയിൽ ട്രെയിനുകളില്‍ പാലിക്കേണ്ട പുതിയ കരടു നിയമാവലി പുറപ്പെടുവിച്ചു.
ജനലുകളും വാതിലുകളും വഴി കൈകളോ കാലുകളോ മറ്റു ശരീര ഭാഗങ്ങളോ മറ്റെന്തിങ്കിലുമോ പുറത്തിടുന്നവര്‍ക്ക് ആദ്യ തവണ 300 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 600 റിയാല്‍ പിഴ ചുമത്തും.
മൂന്നാമതും നിയമ ലംഘനം നടത്തുന്നവര്‍ക്ക് 900 റിയാലാണ് പിഴ ചുമത്തുക. ഒരു വര്‍ഷത്തിനിടെ ഇതേ നിയമ ലംഘനം മൂന്നിലധികം തവണ നടത്തുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും. കൂടാതെ ഇത്തരക്കാര്‍ക്ക് രണ്ടു മാസം ട്രെയിനുകളില്‍ യാത്രാ വിലക്കുമേര്‍പ്പെടുത്തും.
ട്രെയിനുകളിലും തീവണ്ടികളിലെ നിരോധിത സ്ഥലങ്ങളിലും പുകവലിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴ ചുമത്തും. ഒരു കൊല്ലത്തിനിടെ മൂന്നിലേറെ തവണ ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്ക് തീവണ്ടി സര്‍വീസുകളില്‍ വിലക്കേര്‍പ്പെടുത്തും.
തീവണ്ടികളില്‍ ഭക്ഷണം കഴിക്കുന്നത് നിയമാവലി വിലക്കുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 100 റിയാലും രണ്ടാം തവണ 300 റിയാലും മൂന്നാം തവണ 400 റിയാലും പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ ഇതേ നിയമ ലംഘനം മൂന്നില്‍ കൂടുതല്‍ തവണ നടത്തുന്നവരെ ട്രെയിന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്ന് ഒരു മാസത്തേക്ക് വിലക്കും.
ട്രെയിനുകളിലെ സീറ്റുകളില്‍ ബാഗുകളും മറ്റു വസ്തുക്കളും വെക്കുന്നവര്‍ക്കും പ്രവേശന കവാടങ്ങളിലും ഇടനാഴികളിലും മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും 100 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴ ചുമത്തും. മൂന്നാമതും ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് 400 റിയാലാണ് പിഴ ചുമത്തുക. ഒരു വര്‍ഷത്തിനിടെ ഇതേ നിയമ ലംഘനം മൂന്നില്‍ കൂടുതല്‍ തവണ നടത്തുന്നവരെ ട്രെയിനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഒരു മാസത്തേക്ക് വിലക്കും.
കാലാവധിയുള്ള ടിക്കറ്റോ തിരിച്ചറിയല്‍ രേഖകളോ ടിക്കറ്റ് ഇളവിനുള്ള അര്‍ഹത തെളിയിക്കുന്ന രേഖകളോ കൈവശം വെക്കാതിരിക്കുന്നതിന് ആദ്യ തവണ 200 റിയാല്‍, രണ്ടാം തവണ 400 റിയാല്‍, മൂന്നാം തവണ 800 റിയാല്‍ എന്നിങ്ങിനെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ ഇതേ നിയമ ലംഘനം മൂന്നില്‍ കൂടുതല്‍ തവണ നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് ട്രെയിനുകളില്‍ വിലക്കേര്‍പ്പെടുത്തും.
റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും സൈക്കിളുകള്‍ ഉപയോഗിക്കല്‍, നമസ്‌കാര സ്ഥലങ്ങളിലും ഉറക്കം നിരോധിച്ച സ്ഥലങ്ങളിലും കിടന്നുറങ്ങല്‍, ട്രെയിനില്‍ കയറാന്‍ വേണ്ടിയും നിരോധിത സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വേണ്ടിയും ഭിത്തികളിലും വേലികളിലും മറ്റും പറ്റിപ്പിടിച്ച് കയറല്‍, ചാടിക്കടക്കല്‍, യാത്രക്കാരെയും ജീവനക്കാരെയും ശല്യപ്പെടുത്തല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 200, റിയാല്‍, 600 റിയാല്‍, 800 റിയാല്‍ എന്നിങ്ങിനെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ മൂന്നില്‍ കൂടുതല്‍ തവണ ഈ നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ ഒരു മാസം ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും വിലക്കും.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ശേഷം പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ തീവണ്ടികളില്‍ പ്രവേശിക്കാനും ട്രെയിനുകളില്‍ നിന്ന് പുറത്തിറങ്ങാനും ശ്രമിക്കുന്നതിന് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1,000 റിയാലും മൂന്നാം തവണ 1,500 റിയാലുമാണ് പിഴ ലഭിക്കുക.
പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ ട്രെയിനുകളില്‍ പ്രവേശിക്കാനും തീവണ്ടികളില്‍ നിന്ന് പുറത്തിറങ്ങാനും ശ്രമിക്കല്‍, ട്രെയിനുകള്‍ നീങ്ങിത്തുടങ്ങിയ ശേഷം തീവണ്ടികളില്‍ പ്രവേശിക്കാനും പുറത്തിറങ്ങാനും ശ്രമിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 300 റിയാല്‍, 600 റിയാല്‍, 800 റിയാല്‍ എന്നിങ്ങിനെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ മൂന്നില്‍ കൂടുതല്‍ തവണ ഇതേ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ട്രെയിനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് രണ്ടു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തും.
വാണിങ് , എമര്‍ജന്‍സി, സുരക്ഷാ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും ജീവനക്കാരെ കൃത്യനിര്‍വഹണം നടത്തുന്നതില്‍ നിന്ന് തടയുന്നതിനും 400 റിയാല്‍, 700 റിയാല്‍, 800 റിയാല്‍ എന്നിങ്ങിനെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ മൂന്നില്‍ കൂടുതല്‍ തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആറു മാസത്തേക്ക് ട്രെയിനുകളില്‍ വിലക്കും.
ലഗേജ് ഹോള്‍ഡറില്‍ സൂക്ഷിക്കാന്‍ കഴിയാത്ത ലഗേജ് കൈവശം വെക്കല്‍, സ്വയം വഹിക്കാന്‍ കഴിയാത്ത ലഗേജ് കൈവശം വെക്കല്‍, ട്രെയിനിനോ റെയില്‍വെ സ്റ്റേഷനോ കേടുപാടുകള്‍ വരുത്തുന്ന ലഗേജുകള്‍ കൈവശം വെക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് നഗരങ്ങള്‍ക്കകത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് 200 റിയാല്‍, 400 റിയാല്‍, 800 റിയാല്‍ എന്നിങ്ങിനെയാണ് പുതിയ കരടു നിയമാവലിയില്‍ വ്യവസ്ഥ ചെയ്യുന്ന പിഴ.
നഗരങ്ങള്‍ക്കകത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ തിരിച്ചറിയല്‍ രേഖ കാണിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ട്രെയിന്‍ ഉപയോഗിക്കുന്നന്നതില്‍ നിന്ന് വിലക്കും. ഒരു കൊല്ലത്തിനിടെ ഇതേ നിയമ ലംഘനം മൂന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തുന്നവരെ മൂന്നു മാസത്തേക്ക് ട്രെയിനുകളില്‍ വിലക്കും. നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ട് പോലീസിന് കൈമാറുകയും ചെയ്യും.