Sunday, 19 May - 2024

‘രാത്രി യെമൻ പൗരന്റെ ഫോണിൽ നിന്ന് രഹസ്യമായി  വിളിക്കും, ജയിൽ മുറി കാണിക്കും, പക്ഷെ, ഒരു ദിവസം അത് സംഭവിച്ചു!’: ആ ദിനങ്ങൾ ഓർത്ത് അബ്ദുറഹീമിന്റെ കൂട്ടുകാർ

കോഴിക്കോട്: സഊദിയിൽ ജോലി കിട്ടി പോകുന്നതിനു മുൻപ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു അബ്ദുൽ റഹീം. അവിടുത്തെ സഹപ്രവർത്തരായിരുന്നു റഹീമിന്റെ ഏറ്റവും അടുത്ത കൂട്ടുകാർ. വധശിക്ഷയിൽനിന്ന് റഹീമിനെ രക്ഷപ്പെടുത്താനുള്ള ഇത്രയും നാളത്തെ പ്രയത്നത്തിൽ ഓരോ ഘട്ടത്തിലും ഇവരും ഒപ്പമുണ്ടായിരുന്നു. റഹീമിനെക്കുറിച്ചുള്ള ഓർമകൾ സുഹൃത്ത് ഷാജിദ് മുനമ്പത്ത് പങ്കുവയ്ക്കുന്നു:

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘‘കോഴിക്കോട് കോടമ്പുഴ പേട്ടയിൽ ഓട്ടോ ഓടിച്ചിരുന്ന ഞങ്ങൾ പത്തുപേർ ആയിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കൾ. നജ്മുദ്ദീൻ, ഫൈസൽ, അസ്കർ, സാദിഖ്, മുസ്തഫ, അമീർ, സയ്യിദ്, ജാബിർ പിന്നെ റഹീമും ഞാനും. പത്തുപേരുടെയും ഓട്ടോറിക്ഷയ്ക്ക് ഒരേ പേരാണിട്ടിരുന്നത് ‘ഹായ് ഫ്രണ്ട്സ്’ എന്ന്. ഓട്ടമൊക്കെ കഴിഞ്ഞ് വൈകിട്ട് ഏഴുമണിയാകുമ്പോ ഓട്ടോ സ്റ്റാൻഡിൽ ഒരു തണൽമരമുണ്ട്. അതിന്റെ ചോട്ടിൽ ഒന്നിച്ചുകൂടും. പിന്നെ പാട്ടും വർത്തമാനവുമെല്ലാം. എട്ട് ഓട്ടോകൾ ഒതുക്കിയിട്ട് ബാക്കി രണ്ട് ഓട്ടോറിക്ഷകളിലായി പത്തുപേരും കയറി വീട്ടിൽ പോകും.

അബ്ദുറഹീം സുഹൃത്തുക്കൾക്കൊപ്പം: ഫോട്ടോ കടപ്പാട്, മനോരമ ഓൺലൻ

നാല് വർഷത്തോളം റഹീം ഓട്ടോ ഓടിച്ചിരുന്നു. പിന്നീട് യത്തീംഖാനയിൽ ബസ് ഓടിക്കുന്ന ജോലി കിട്ടി. അവിടെ കയറി ഉടൻ തന്നെ ഒരു സ്നേഹിതനിൽ നിന്ന് ഈ ജോലിക്കുള്ള വിസ കിട്ടിയപ്പോഴാണ് സഊദി അറേബ്യയിലേക്ക് പോകാൻ റഹീം തീരുമാനിച്ചത്. കൂട്ടുകാർക്കൊപ്പം അബ്ദുൽ റഹീം കരിപ്പൂർ വിമാനത്താവളത്തിലേക്ക് റഹീമിനെ യാത്രയയ്ക്കാനും ഞങ്ങൾ കൂട്ടുകാരാണ് പോയത്. തലേന്ന് പാർട്ടിയൊക്കെ കഴിഞ്ഞ വലിയ സന്തോഷത്തോടെയുള്ള യാത്ര.

പിന്നീട് 28ാമത്തെ ദിവസമാണ് ഈ ദുഃഖവാർത്ത കേൾക്കുന്നത്. പക്ഷേ ജയിലിലായതിനുശേഷവും റഹീമിന് ഞങ്ങളെ വിളിക്കാനായി. ജയിലിൽ അവനൊപ്പമുണ്ടായിരുന്ന ഒരു യെമൻ പൗരൻ രഹസ്യമായി അവന് ഫോൺ നൽകാറുണ്ടായിരുന്നു. ഞാനും നജ്മുദ്ദീനും ഫൈസലും അസ്കറും സാദിഖും മുസ്തഫയും ചേർന്ന് ഫോണിൽ ഒരു ഗ്രൂപ്പുണ്ടാക്കി. എട്ടുമണിയാകുമ്പോഴേക്കും അവൻ എന്നും വിളിക്കും. ആ സമയത്തേക്ക് എല്ലാവരും ഓൺൈലനിൽ വരും. വിഡിയോ കോൾ ചെയ്യും. അങ്ങനെയൊരു സമാധാനം കിട്ടിയിരുന്നു ഇടയ്ക്ക്.

അബ്ദുറഹീം സുഹൃത്തുക്കൾക്കൊപ്പം: ഫോട്ടോ കടപ്പാട്, മനോരമ ഓൺലൻ

ജയിലിലെ മുറിയൊക്കെ കാണിച്ചുതരും. വധിക്കപ്പെടും എന്ന വിധിയോട് അവൻ തീർത്തും പൊരുത്തപ്പെട്ടുപോയ മാനസികാവസ്ഥയിലായിരുന്നു അപ്പോഴെല്ലാം. എന്നാലും ഞങ്ങളെ സന്തോഷിപ്പിക്കാനായി അവൻ സ്വന്തം സങ്കടം ഒരിക്കൽപ്പോലും പുറത്തുകാണിച്ചിട്ടില്ല. പക്ഷേ ഒരു ദിവസം ഞങ്ങളെ വിളിച്ചുകൊണ്ടിരുന്ന ഫോൺ ജയിൽ അധികൃതർ പിടിച്ചു. അതോടെ ആ സന്തോഷവും മുടങ്ങി. അതിനുശേഷം ഇപ്പോഴാണ് അവന്റെ ശബ്ദം ഒന്നു കേൾക്കുന്നത്.

റഹീം ജയിലിലായതിനുശേഷം ഏറ്റവും സങ്കടം അവന്റെ ഉമ്മയെയും ഉപ്പയെയും കാണുകയെന്നതായിരുന്നു. കണ്ണീരൊഴിഞ്ഞ നേരമുണ്ടായിട്ടില്ല ഉമ്മയ്ക്ക്. ഉപ്പയും അങ്ങനെ തന്നെ. അവന്റെ പഴയ വീടിന്റെ ഉമ്മറത്ത് എപ്പോഴും ഉപ്പ ഇരിക്കുന്നുണ്ടായിരിക്കും. ആര് കയറിവന്നാലും ഉപ്പയ്ക്ക് ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാ എന്റെ മോൻ വരിക എന്ന്. ഉടൻ വരുമെന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചാലും കഴിഞ്ഞിരുന്നില്ല.

ആ സങ്കടങ്ങളൊക്കെ കൊണ്ടാകണം. റഹീം ജയിലിലായി ഒരു വർഷം തികയും മുൻപേ ഉപ്പ പോയി. ഈ സന്തോഷം കേൾക്കാൻ അവന്റെ ഉപ്പയില്ലല്ലോയെന്ന സങ്കടമാണ് ഞങ്ങൾക്ക്. പക്ഷേ അവന്റെ ഉമ്മയുടെ ചിരി വീണ്ടും കാണുമ്പോൾ എല്ലാ സങ്കടവും മാറിപ്പോകുന്നു. പതിനെട്ട് വർഷത്തിനുശേഷം ഞങ്ങളുടെ ചങ്ങായിയെ കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങളെല്ലാം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: മനോരമ ഓൺലൈൻ

Most Popular

error: