പീഡനക്കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തു വിട്ട് സഊദി അറേബ്യ

0
2775

ജിദ്ദ: പീഡനക്കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ആദ്യമായി
പുറത്തു വിട്ട് സഊദി അറേബ്യ. സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രതിയുടെ മുഴുവൻ പേര് വിവരങ്ങൾ മക്ക പൊലീസ് ആദ്യമായി വെളിപ്പെടുത്തിയത്.

അറസ്റ്റിലായ ഈജിപ്ഷ്യൻ വാലിദ് അൽ സയ്യിദ് അബ്ദുൾ ഹമീദിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പൊലീസ് അറിയിച്ചു.

അതിനിടെ, സ്ത്രീയെ ശല്യപ്പെടുത്തിയതിന് സൗദി പൗരനായ നാസർ ഹാദി ഹമദ് അൽ സലാഹിനെ അറസ്റ്റ് ചെയ്തതായി ജിദ്ദ ഗവർണറേറ്റ് പൊലീസ് അറിയിച്ചു. പൗരനെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

പീഡന കുറ്റകൃത്യം ചെയ്യുന്ന ഏതൊരു വ്യക്തിക്കും രണ്ട് വർഷത്തിൽ കൂടാത്ത തടവും 100,000 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും.

ഇര ഒരു കുട്ടിയാണെങ്കിലോ,
ജോലിസ്ഥലത്ത്, പഠനസ്ഥലം, അഭയകേന്ദ്രം അല്ലെങ്കിൽ പരിചരണ കേന്ദ്രം എന്നിവിടങ്ങളിലാണ് കുറ്റകൃത്യം സംഭവിക്കുന്നതെങ്കിലോ
കുറ്റവാളിയും ഇരയും ഒരേ ലിംഗക്കാരാണെങ്കിലോ,
കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇര ഉറങ്ങുകയോ അബോധാവസ്ഥയിലോ അല്ലെങ്കിൽ സമാനമായ ഏതെങ്കിലും അവസ്ഥയിലോ ആണെങ്കിലും, കുറ്റകൃത്യം സംഭവിക്കുന്നത് പ്രതിസന്ധിയിലോ ദുരന്തത്തിലോ അപകടങ്ങളിലോ ആണെങ്കിലും നിയമമനുസരിച്ച് ശിക്ഷ അഞ്ച് വർഷത്തിൽ കൂടാത്ത തടവും 300,000 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും.

ഇസ്‌ലാമിക ശരീഅത്തും സൗദി നിയമവും ഉറപ്പുനൽകുന്ന വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും വ്യക്തിസ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതിനായി, പീഡനം എന്ന കുറ്റകൃത്യത്തെ ചെറുക്കാനും അത് സംഭവിക്കുന്നത് തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും ഇരകളെ സംരക്ഷിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു.