റിയാദ്: ഇറാൻ – ഇസ്റാഈൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സഊദിയുടെ വടക്ക് ഭാഗത്തെ പ്രദേശങ്ങളിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചു. സംഘര്‍ഷ മേഖലയോടടുത്ത രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നിര്‍ത്തി വെച്ചത്. വടക്കൻ അതിർത്തിയായ ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് പറന്നുയര്‍ന്ന സഊദി എയർലൈൻസ് വിമാനം റിയാദിലേക്ക് തിരിച്ചു വിട്ടു. അടുത്ത അറിയിപ്പ് വരെ ഈ നില തുടരുമെന്ന് കമ്പനി അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലേക്ക് കുവൈത്ത് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിവെച്ചു. വ്യോമാതിര്‍ത്തി അനിശ്ചിതസമയത്തേക്ക് പൂര്‍ണമായും അടച്ചതായി ജോര്‍ദാന്‍ അറിയിച്ചു.
സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ച് രണ്ട് മുതിര്‍ന്ന സൈനിക ജനറല്‍മാരെ ഇസ്റാഈൽ കൊലപ്പെടുത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
തൊട്ടുപിന്നാലെ ഇസ്രായേലിന്റെ ഒരു എംബസിയും ഇനി സുരിക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ സൈനിക ഓഫീസര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ക്കകം ഇറാന്റെ ആക്രമണമുണ്ടായേക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കി. എയര്‍ ഇന്ത്യയുടെ വിമാനം ഇറാന്‍ വ്യോമപാത ഒഴിവാക്കിയാണ് സഞ്ചരിച്ചത്. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസിനിടെയാണ് വളഞ്ഞ വഴിയാണ് എയര്‍ ഇന്ത്യ വിമാനം തിരഞ്ഞെടുത്തത്. രണ്ട് മണിക്കൂര്‍ അധിക ദൈര്‍ഘ്യമുള്ള പാതയിലൂടെയാണ് ഇപ്പോഴത്തെ സര്‍വീസ്. യൂറോപ്പിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളും ഈ പാതയില്‍ സഞ്ചരിക്കാനാണ് ഇനി സാധ്യത.
വിമാനത്തിന്റെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന ഫ്‌ളൈറ്റ് റഡാര്‍ 24 എന്ന വെബ്‌സൈറ്റാണ് എയര്‍ ഇന്ത്യ വിമാനം വഴി മാറി സഞ്ചരിച്ചുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലേക്കുള്ള എല്ലാ യാത്രകള്‍ക്കും ഇറാന്റെ ആകാശ പാത ഒഴിവാക്കിയാകും എയര്‍ ഇന്ത്യ വിമാനങ്ങള്‍ സഞ്ചരിക്കുക. സമയ നഷ്ടം മാത്രമല്ല, പണ നഷ്ടവും ഇനി യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാം.
അതേസമയം, ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. സഊദി അറേബ്യ, ഖത്തര്‍, യുഎഇ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇറാന്‍ വ്യോമപാതയുടെ തെക്കന്‍ ഭാഗത്തുകൂടെയാണ് സഞ്ചരിക്കാറ്. ഭീഷണിയില്ലാത്ത പ്രദേശമാണിത് എന്നതിനാല്‍ ഇതുവഴിയുള്ള സര്‍വീസ് തുടരും. ജിസിസി യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട എന്നാണ് ഇതുവരെയുള്ള വിവരം. എന്നാല്‍ യുദ്ധമുണ്ടായാല്‍ സാഹചര്യം മാറിമറിഞ്ഞേക്കാം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക