Saturday, 27 July - 2024

പൗരത്വ ഭേദഗതി നിയമം: തൽക്കാലം സ്റ്റേയില്ല, കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്നാഴ്ച സമയം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണു നടപടി. മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജികൾ മുൻവിധിയോടെ ആണെന്നും കേന്ദ്രം വാദിച്ചു.

കേന്ദ്ര സർക്കാരിനു സമയം ചോദിക്കാൻ അവകാശമുണ്ടെന്നു കോടതി പറഞ്ഞു. കേസിൽ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാമെന്നും വ്യക്തമാക്കി. 4 വർഷത്തിനു ശേഷമാണു കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരിലൊരാളായ മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു. ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ലെന്നും വാദിച്ചു. വിജ്ഞാപനം സ്റ്റേ ചെയ്തശേഷം വാദം കേട്ടുകൂടെയെന്നും ലീഗിന്റെ അഭിഭാഷകൻ ചോദിച്ചിരുന്നു.

കേന്ദ്രം മറുപടി നൽകുന്നതുവരെ പൗരത്വം നൽകരുതെന്നു ഹർജിക്കാർ വാദിച്ചു. പൗരത്വം നൽകുന്നതു മൂന്നുമാസം നീണ്ടുനിൽക്കുന്ന നടപടിയാണെന്നും ഈ സാഹചര്യത്തിൽ അഭയാർഥികളുടെ അവകാശം ലംഘിക്കരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കോടതിയുടെ തീരുമാനം വലിയ ആശ്വാസമാണെന്നു മുസ്‍ലിം ലീഗ് മാധ്യമങ്ങളോടു പ്രതികരിച്ചു.

237 പ്രധാന ഹർജികളാണു കോടതിയിലുള്ളത്. മുസ്‍ലിം ലീഗിനു വേണ്ടി ഹാജരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരാണ് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 2019ൽ ആണു നിയമം പാസായതെന്നും അന്ന് ഇതു നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് കോടതി സ്റ്റേ നൽകാതിരുന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി ഇടക്കാല അപേക്ഷകൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിടുക്കപ്പെട്ട് സിഎഎ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കപിൽ സിബൽ പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് കേരള മുസ്‌ലിംലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നുവെന്നും ഇത്തരത്തിൽ മതപരമായ വേർതിരിവ് കാണിക്കുന്നത് ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. 

ലീഗിന് പുറമേ, ഡിവൈഎഫ്ഐ, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജയറാം രമേശ്, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, അസം കോൺഗ്രസ് നേതാവ് ദേബബത്ര സൈകിയ, സന്നദ്ധ സംഘടനകൾ, അസം അഭിഭാഷക സംഘടന, നിയമ വിദ്യാർഥികൾ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 

സിഎഎയ്ക്കെതിരെ സുപ്രീംകോടതിയിൽ ആദ്യം ഹർജി ഫയൽ ചെയ്ത സംസ്ഥാനം കേരളമാണ്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമാണ് സിഎഎ എന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പൗരന്മാരുടെ നിയമപരമോ  ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചു.

2019 ഡിസംബറിലാണ് കേന്ദ്രം സിഎഎ പാർലമെന്റിൽ പാസ്സാക്കിയത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായ വിവേചനം നേരിടുന്ന ഹിന്ദു, സിഖ്, ജൈന, പാർസി, ബുദ്ധ, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായാണ് 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തത്

Most Popular

error: