ബെംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് ഡി വി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഗൗഡ മൈസുരുവില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായേക്കും. ബിജെപിയുടെ വൈ സി കെ വാദിയാര്‍ക്കെതിരെയാകും ഗൗഡ മത്സരിക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ഇന്ന് തന്റെ 72ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സദാനന്ദ ഗൗഡ.
ബെംഗളുരു നോര്‍ത്തില്‍ നിന്നുള്ള സിറ്റിങ് എം പിയാണ് സദാനന്ദ ഗൗഡ. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. ബെംഗളുരു നോര്‍ത്തില്‍ കേന്ദ്രസഹമന്ത്രി ശോഭ കരന്തലജെയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
രണ്ട് ദിവസം മുമ്പ് ഗൗഡയെ കണ്ട ശോഭ, അദ്ദേഹത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള ഗൗഡ ഒന്നാം മോഡി സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയും പിന്നീട് നിയമ മന്ത്രിയുമായിരുന്നു. അടുത്ത കാലത്തായി എന്‍ ഡി എയുടെ നിലപാടുകളെ എതിര്‍ത്ത് അദ്ദേഹം രംഗത്തെത്തിയിരുന്നു.
മൈസുരുവില്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാവിനായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുകയാണ്. ഡി കെ ശിവകുമാര്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സദാനന്ദ ഗൌഡുയുമായി ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട ഷെട്ടര്‍ മാസങ്ങള്‍ക്ക് മുമ്പ് തിരിച്ച് ബിജെപിയിലേക്ക് മടങ്ങി. അദ്ദേഹം ഇത്തവണ ബെലഗവിയിലെ സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.