കോഴിക്കോട്: മിക്ക പള്ളികളിലും നല്ല വിഭവസമൃദ്ധമായ നോമ്പുതുറകള്‍ ഉണ്ട്. ഈത്തപ്പഴം, വിവിധ ജ്യൂസുകള്‍, തരിക്കഞ്ഞി, ഫ്രൂട്ട്‌സ്, എണ്ണക്കടികള്‍ ഉള്‍പ്പെടെ അടങ്ങുന്ന വിഭവങ്ങള്‍ കഴിക്കുന്നതോടെ തന്നെ വയറുനിറയും. കൂടാതെ വിവിധ സന്നദ്ധ സംഘടനകളും മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും നോമ്പുതുറസമയത്ത് ഭക്ഷണങ്ങള്‍ വിതരണംചെയ്യുന്നുമുണ്ട്. മാത്രമല്ല, ഇതൊന്നും ലഭിച്ചില്ലെങ്കിലും ഈ സമയത്ത് ഹോട്ടലിലോ കൂള്‍ബാറിലോ കയറി നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളും ഉണ്ട്.
ഇതിന് പുറമെ തറാവീഹ് (റമദാനിലെ പ്രത്യേക രാത്രി പ്രാര്‍ഥന) നിസ്‌കാരത്തിന് ശേഷം ചീരാകഞ്ഞി വിതരണംചെയ്യുന്ന പള്ളികളും ഉണ്ട്. നോമ്പ് പിടിക്കുന്ന ബാച്ചിലേഴ്‌സിനും യാത്രക്കാര്‍ക്കുമെല്ലാം വലിയ അനുഗ്രഹമാണ് ഇതെല്ലാം.
എന്നാല്‍ അത്താഴമാണ് ബാച്ചിലേഴ്‌സ് അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം. കാരണം അത്താഴം ലഭിക്കുന്ന പള്ളികള്‍ വളരെ ചുരുക്കമാണ്. മാത്രവുമല്ല പുലര്‍ച്ചെ തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും കുറവ്. നഗരത്തിന് പുറത്ത് ആണെങ്കില്‍ ഒരു ഹോട്ടലും തുറക്കുകയുമില്ല.
നോമ്പ് കാലത്ത് തുറക്ക് പുറമെ ഭക്ഷണം ഉള്ള പള്ളികള്‍ അറിയാനായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയാണ് ഈ പ്രതിസന്ധി നേരിട്ടത്. ചോര്‍ ഉള്ള പള്ളി, ഭക്ഷണമുള്ള പള്ളി, തുറയുള്ള പള്ളി… എന്നിങ്ങനെ പേരിലാണ് ഗ്രൂപ്പുകള്‍ തുടങ്ങിയത്.
ആദ്യ ദിവസങ്ങളില്‍ ഗ്രൂപ്പുകളില്‍ ചില പള്ളികളുടെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വന്നെങ്കിലും പിന്നീട് അവ നിന്നു.
ഷെയര്‍ചെയ്തുവരുന്ന വിവരങ്ങളില്‍ പലതും വ്യാജവും ആയിരുന്നു. ചുരുക്കത്തില്‍ നോമ്പിന് ‘ചോറുള്ള പള്ളികള്‍’ അറിയാന്‍ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ‘ചോറുള്ള പള്ളി’ മാത്രം ഇല്ല, മറിച്ച് പരസ്യങ്ങള്‍ മാത്രമാണുള്ളതെന്ന് അംഗങ്ങള്‍ പരാതി പറയാനും തുടങ്ങി.