ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍വന്നിരിക്കുകയാണ്. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് മാതൃകാ പെരുമാറ്റച്ചട്ടം. മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കും.
എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും നിയന്ത്രിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കുന്ന ഒരുകൂട്ടം മാര്‍ഗനിര്‍ദേശങ്ങളാണ് പെരുമാറ്റച്ചട്ടങ്ങള്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്നതോ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ തടയുകയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുകയാണ് ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.
സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ലംഘനം ഉണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏതെങ്കിലും ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍നിന്ന് സര്‍ക്കാരുകളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രിക്കുകയും ചെയ്യും.
പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതോടെ എന്തെല്ലാം മാറ്റങ്ങള്‍
• തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ഥികള്‍ സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ വിലക്കുണ്ട്
സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനോ പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടാനോ പാടില്ല
• റോഡുകളുടെ നിര്‍മാണം, കുടിവെള്ള സൗകര്യം തുടങ്ങിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ അധികാരികള്‍ നടത്തരുത്
• സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാവുന്ന തരത്തിലുള്ള താല്‍കാലിക നിയമനങ്ങള്‍ക്ക് നിരോധനം
വിവേചനാധികാര ഫണ്ടുകളില്‍നിന്ന് സ്ഥാനാര്‍ഥികളോ മന്ത്രിമാരോ ഗ്രാന്റോ മറ്റു തുകകളോ അനുവദിക്കാന്‍ പാടില്ല
• തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
• റെസ്റ്റ് ഹൗസുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഏതെങ്കിലും സ്ഥാനാര്‍ഥിയോ രാഷ്ട്രീയ പാര്‍ട്ടിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്
• രാഷ്ട്രീയ സംഭവങ്ങള്‍ പക്ഷപാതപരമായി നല്‍കുന്നതിനും ഭരണകക്ഷിക്ക് അനുകൂലമായി പ്രചാരണം നടത്തുന്നതിനും ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ല
• ജാതി പറഞ്ഞോ വര്‍ഗീയ വികാരങ്ങള്‍ മുതലെടുത്തോ വോട്ടര്‍മാരെ സ്വാധീനിക്കല്‍, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, പണം നല്‍കിയോ ഭീഷണിപ്പെടുത്തിയോ വോട്ടര്‍മാരെ സ്വാധീനിക്കല്‍ എന്നിവ പാടില്ല
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചരിത്രം
1960-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്താണ് പെരുമാറ്റച്ചട്ടം ആദ്യമായി നടപ്പിലാക്കുന്നത്. ഇത് വിജയമായതോടെ 1962-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റച്ചട്ടം അവതിപ്പിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനവും അഴിമതിയും കാരണം 1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം കൂടുതല്‍ കര്‍ശനമാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
മറ്റ് പൊതുവായ നിര്‍ദേശങ്ങള്‍
മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അവയുടെ ക്യാമ്പസുകള്‍ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാതൊരു വിധ പ്രചാരണ സാമഗ്രികളും പാടില്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രചരണ സാമഗ്രികള്‍ വയ്ക്കുന്നുണ്ടെങ്കില്‍ അതിന് ആ വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതപത്രം വേണം. ഈ നിബന്ധനകള്‍ പാലിക്കാത്ത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യും. ജാഥകള്‍, പൊതുയോഗങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ മുന്‍ കൂട്ടി പ്രാദേശിക പോലീസ് അധികാരികളെ അറിയിക്കണം.
സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ കൈവശം വെക്കുന്നതും കുറ്റകരമാണ്. ഇവ പിടിച്ചെടുക്കുകയും ജനപ്രതിനിധ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. നാമനിര്‍ദേശ പത്രിക നല്‍കുന്നത് മുതലുള്ള ചിലവുകള്‍ സ്ഥാനാര്‍ഥിയുടേതായി കണക്കാക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വളപ്പിലും മറ്റും നിയമവിരുദ്ധമായി സ്ഥാപിച്ച ചുവരെഴുത്ത്, പോസ്റ്റര്‍, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകള്‍, കൊടികള്‍, മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം, പാലങ്ങള്‍, സര്‍ക്കാര്‍ ബസ്സുകള്‍, വൈദ്യുതി, ടെലിഫോണ്‍ കാലുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റര്‍, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകള്‍, കൊടികള്‍ എന്നിവ സ്‌ക്വാഡ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക