മുംബൈ: 2000 രൂപയുടെ 97.62 ശതമാനവും ബാങ്കുകൾ വഴി തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). 8,470 കോടി മൂല്യമുള്ള നോട്ടുകൾ ഇപ്പോഴും പൊതുജനത്തിന്‍റെ കൈയിലാണെന്നും ആർ.ബി.ഐ വ്യക്തമാക്കി.
കഴിഞ്ഞവർഷം മേയ് 19നാണ് രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. ഈസമയം 3.56 ലക്ഷം കോടി മൂല്യമുള്ള 2000 നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 2000 നോട്ടുകൾക്ക് ഇപ്പോഴും നിയമപ്രാബല്യമുണ്ട്. എന്നാൽ, രാജ്യത്തെ 19 ആർ.ബി.ഐ കേന്ദ്രങ്ങളിൽനിന്ന് മാത്രമേ ഇവ മാറ്റിയെടുക്കാനാകു. പോസ്റ്റ് ഓഫിസ് വഴി ആർ.ബി.ഐ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുത്ത് പണം അക്കൗണ്ടിലേക്ക് മാറ്റാനും സൗകര്യമുണ്ട്.
പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾ വഴി 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിന് നേരത്തെ 2023 സെപ്റ്റംബർ 30 വരെ സമയം അനുവദിക്കുകയും പിന്നീട് ഇത് ഒക്ടോബർ ഏഴുവരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. 2023 ഒക്ടോബർ എട്ടു മുതൽ 19 ആർ.ബി.ഐ ഓഫിസുകൾ വഴി മാത്രമാണ് നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം.
1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ 2016 നവംബറിലാണ് 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത്.