ദമാം: സഊദിയിൽ കുടുംബ സന്ദർശക വിസയിൽ എത്തിയവർക്ക് വിസ പുതുക്കാനായി എളുപ്പത്തിൽ ബഹ്‌റൈനിലേക്ക് പോയി സഊദിയിൽ മടങ്ങിയെത്തുന്ന സംവിധാനത്തിന് കർശന നിയന്ത്രണം. സഊദിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രക്ക് കർശന നിയന്ത്രണം വരുത്തിയതോടെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായി. ടാക്സി വാഹനങ്ങളിൽ പോകുന്നവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതേ തുടർന്ന് നിരവധി കുടുംബങ്ങൾ കോസ്‌വേയിൽ നിന്ന് ബഹ്‌റൈനിൽ പോകാൻ സാധിക്കാതെ മടങ്ങി. കോസ്‌വേ വഴി ബഹ്‌റൈനിൽ പോകുന്ന വേളയിൽ വാഹനങ്ങളുടെ ലൈസൻസും ഡ്രൈവരുടെ പ്രൊഫഷനും അടക്കം മുഴുവൻ കാര്യങ്ങളും പൂർണ്ണമായി പരിശോധിച്ച ശേഷം മാത്രമേ കടത്തി വിടുന്നുളൂ. ഇതോടെ, ഈ മേഖലയിൽ ടാക്സി സർവീസ് നടത്തിയിരുന്ന പ്രവാസികളും പ്രതിസന്ധിയിലായി.
നിരവധിയാളുകളാണ് സഊദിയിലെ മൾട്ടിപ്പിൾ സന്ദർശക വിസക്കാരെ വിസ പുതുക്കാനായി ബഹ്‌റൈനിൽ എത്തിച്ചു സഊദിയിലേക്ക് തിരിച്ചെത്തിയിരുന്നത്. നേരത്തെ ഇത് കർശനമായി നോക്കിയിരുന്നില്ല. ബഹ്‌റൈനിലേക്ക് പോകാൻ അനുവാദമുള്ളവർക്ക് ഇത്തരത്തിൽ സഊദി സന്ദർശക വിസയുള്ളവരെ കൊണ്ടു പോയി തിരിച്ചു കൊണ്ടു വരാമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നില്ല.
സഊദിയിൽ നിന്നുള്ള അംഗീകൃത ടാക്സി കമ്പനികൾക്ക് മാത്രമാണ് അനുമതി നൽകുന്നത്. അത് തന്നെ ഡ്രൈവറുടെ ഇഖാമ പ്രൊഫഷനും അതിന് യോജിച്ചതായിരിക്കണം. അല്ലാത്തവരെ സഊദിയിലേക്ക് തന്നെ മടക്കി അയക്കുകയാണ്. ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ വിസ പുതുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിലായി. പല ഡ്രൈവർമാരെയും ഏറെ നേരം പിടിച്ചു വെച്ച ശേഷമാണ് തിരിച്ചയച്ചത് തന്നെ. വിസ കാലാവധി തീരുന്നതിന്റെ അവസാന നിമിഷം ബഹ്‌റൈനിൽ പോയി മടങ്ങി വരാമെന്നു കരുതിയ കുടുംബങ്ങളാണ് ഏറെ പ്രതിസന്ധിയിൽ ആയത്.
അനുമതിയുള്ള ടാക്സികൾ നിലവിൽ വളരെ ചുരുക്കമാണ്. അതിനാൽ തന്നെ ഇവർ ചാർജും അധികമായി ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസത്തിനു ശേഷം വിസ പുതുക്കാൻ, ബഹ്‌റൈനിൽ പോകാമെന്ന് കരുതുന്നവർ പ്രതിസന്ധികൾ മുന്നിൽ കണ്ട് അംഗീകൃത ടാക്സി ഉറപ്പ് വരുത്തണമെന്നും അല്ലെങ്കിൽ മറ്റു വഴികൾ തേടണമെന്നുമാണ് മുന്നറിയിപ്പ്. വിസ കാലാവധി കഴിഞ്ഞാൽ ഓരോ പാസ്പോർട്ടിനും വൻ പിഴ അടക്കേണ്ടി വരും.
ഒരു വർഷ മൾട്ടിപ്പിൾ കുടുംബ സന്ദർശക വിസ കാലാവധിയിൽ വരുന്നവർക്ക് മൂന്ന് മാസം മാത്രമാണ് തുടർച്ചയായി സഊദിയിൽ നിൽക്കാൻ പറ്റൂ. പിന്നെ വിസ പുതുക്കണം. അതിനായി കുടുംബങ്ങൾ ഏറ്റവും എളുപ്പ വഴിയെന്ന നിലയിൽ കോസ്‌വേ വഴി ബഹ്‌റൈനിൽ പോയി മടങ്ങി വരികയാണ് ചെയ്യുന്നത്. എന്നാൽ, വീണ്ടും ഒരു മൂന്ന് മാസം കൂടി തുടർച്ചയായി നിൽക്കാനാകും. പടിഞ്ഞാറൻ സഊദിയിൽ ഉള്ളവർ ജോർദാനിൽ പോയി മടങ്ങി വരുന്നുണ്ട്.
അബ്ഷിർ തവാസുൽ വഴി റിക്വസ്റ്റ് കൊടുത്ത് പലരും പുതുക്കാൻ ശ്രമിക്കാറുണ്ടെങ്കിലും 3 മാസം കിട്ടുന്നത് വളരെ അപൂർവ്വമാണ്. പലപ്പോഴും ആഴ്ചകൾ മാത്രമാണ് ലഭിക്കാറുള്ളത്. അതിനാൽ, തുടർച്ചയായി വീണ്ടും മൂന്ന് മാസം ലഭിക്കാനായി കുടുംബങ്ങൾ ഇപ്പോഴും കോസ്‌വേ വഴി ബഹറിനിൽ പോയി മടങ്ങി വരികയാണ് ചെയ്യുന്നത്. ഇതാണ് ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടിലായിരിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക