റിയാദ്: വൻ പ്രകൃതിവാതക ശേഖരം കിഴക്കൻ പ്രവിശ്യയിലെ ജഫൂറ താഴ്വരയിൽ കണ്ടെത്തി. പുതുതായി 15 ലക്ഷം കോടി സ്റ്റാൻഡേർഡ് ക്യുബിക് അടി വാതകവും 200 കോടി ബാരൽ ലിക്യൂഡ് ഹൈഡ്രോ കാർബണുമാണ് കണ്ടെത്തിയത്. ഇതോടെ ജഫൂറയിലെ കരുതൽ ശേഖരം 229 ലക്ഷംകോടി സ്റ്റാൻഡേർഡ് ക്യുബിക് അടി വാതകവും 75 ശതകോടി ബാരൽ ലിക്യൂഡ് ഹൈഡ്രോ കാർബണുമായി വർദ്ധിച്ചിട്ടുണ്ട്.
ഈ തന്ത്രപ്രധാനമായ കണ്ടുപിടിത്തം ജഫുറയിലെ മൊത്തം കരുതൽ ശേഖരം വർദ്ധിപ്പിക്കുക മാത്രമല്ല, ഊർജ പരിവർത്തന ശ്രമങ്ങൾക്കിടയിൽ സൗദി അറേബ്യയുടെ പ്രകൃതിവാതക മേഖലയിലെ ശക്തമായ ഈടുവെപ്പായി മാറുകയും ചെയ്തിട്ടുണ്ട്. ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനെ ഉദ്ധരിച്ച് ഊർജ മന്ത്രാലയമാണ് കണ്ടെത്തൽ സ്ഥിരീകരിച്ചത്.
ഈ പുതിയ വാതകശേഖരം കൂടി കണ്ടെത്താനായത് സൗദി അറേബ്യയെ ഒരു പ്രധാന ആഗോള വാതക ഉൽപ്പാദകരാക്കുമെന്നും ഊർജ മിശ്രിതത്തെ വൈവിധ്യവത്കരിക്കുകയും കയറ്റുമതിക്കായി ഗണ്യമായ വാതകശേഖരം സംഭരിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
170 കിലോമീറ്റർ നീളവും 100 കിലോമീറ്റർ വീതിയുമുള്ള അൽജഫൂറ വാതകപാടം രാജ്യത്തെ ഏറ്റവും വലിയ പാരമ്പര്യേതര, അസോസിയേറ്റ് വാതകപാടം എന്നതിനപ്പുറം മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഷെയ്ൽ ഗ്യാസ് റിസർവായി ജഫുറ കണക്കാക്കപ്പെടുന്നു.