കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി അധികൃതര്‍

0
1418

മസ്കറ്റ്: ഒമാനില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. താപനിലയില്‍ വലിയ മാറ്റമുണ്ടാകും. 

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച അഞ്ച് മുതല്‍ 15 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, ദാഹിറ ഗവര്‍ണറേറ്റുകളില്‍ തെക്കു കിഴക്കന്‍ കാറ്റ് വീശും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ എന്നിവിടങ്ങളില്‍ 10 മുതല്‍ 40 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. 

വാദികള്‍ നിറഞ്ഞൊഴുകുമെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവര്‍ണറേറ്റിന്‍റെ പടിഞ്ഞാറന്‍ തീരങ്ങളിലും ഒമാന്‍ കടലിന്‍റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും.