ഗസ്സ സിറ്റി: പട്ടിണി കിടന്ന് തളര്‍ന്ന തീര്‍ത്തും നിസ്സഹായരായ വിശപ്പകറ്റാന്‍ ഒരു റൊട്ടിക്കഷ്ണത്തിനായി ട്രക്കുകളുടെ വരവും കാത്തിരുന്ന ഒരു പറ്റം ആളുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി സയണിസ്റ്റ് സേന. സംഭവത്തിൽ പത്തു പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ നാലു മാസമായി, ബോംബിട്ടും വ്യോമാക്രമണങ്ങള്‍ നടത്തിയും ഒരു ചെറിയ പ്രദേശത്തിലെ ജനതയെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ ക്രൂരതയുടെ അങ്ങേത്തലയാണ് ഇപ്പോൾ നടന്ന ക്രൂരത. ഓരോ ദിവസവും സമാനമായ ക്രൂര ചെയ്തികൾ നടത്തി ആസ്വാദനം കണ്ടെത്തി, എന്നിട്ടൊന്നും അവര്‍ക്ക് മതിയാവുന്നില്ല.
ഗസ്സ സിറ്റിയിലാണ് സഹായ ട്രക്കുകള്‍ക്കായി വരിനിന്നവര്‍ക്കുമേല്‍ ഡ്രോണുകളും പീരങ്കികളും തീ തുപ്പിയത്. ആയിരങ്ങളാണ് ഇവിടെ കാത്തുനിന്നിരുന്നത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കിയതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലേക്ക് കടത്തിവിടുന്ന സഹായ ട്രക്കുകള്‍ തടയുന്നതും ഇസ്‌റാഈല്‍ തുടരുകയാണ്.
പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകള്‍ ആവശ്യമായിടത്ത് 100ല്‍ താഴെ മാത്രമാണ് നിലവില്‍ ഗസ്സയിലെത്തുന്നത്. ഇസ്‌റാഈല്‍ അനുമതി നല്‍കാത്തതിനാല്‍ ആയിരക്കണക്കിന് ട്രക്കുകള്‍ റഫ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പട്ടിണി ആയുധമാക്കി ഫലസ്തീനികളെ തളര്‍ത്തുകയാണ് ഇസ്‌റാഈല്‍ ലക്ഷ്യമെന്ന് യു.എന്‍ ഉള്‍പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗസ്സയില്‍ എല്ലാ വരുമാന മാര്‍ഗങ്ങളും ഇസ്‌റാഈല്‍ അടച്ചുകളഞ്ഞതിനാല്‍ മഹാഭൂരിപക്ഷം ഫലസ്തീനികളും യു.എന്‍ ഏജന്‍സി നല്‍കുന്ന സഹായം വഴിയാണ് വിശപ്പടക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം, ആതുര സേവനം, ബേക്കറികള്‍ക്ക് ധാന്യപ്പൊടി എന്നിവയുടെ വിതരണവും കുടിവെള്ള ശുദ്ധീകരണവും നടത്തുന്നതും ഏജന്‍സിയാണ്.
എന്നാല്‍ കടുത്ത ഇസ്‌റാഈല്‍ ഉപരോധത്തില്‍ കഴിയുന്ന വടക്കന്‍ ഗസ്സയില്‍ സഹായം എത്തിച്ചിരുന്ന യു.എന്‍ അഭയാര്‍ഥി ഏജന്‍സിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നല്‍കിയിരുന്ന സഹായം അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതോടെയാണ് പ്രദേശം കൊടും പട്ടിണിയിലേക്ക് വഴി മാറിയത്. ദിവസങ്ങളോളം ഒന്നും കഴിക്കാന്‍ ലഭിക്കാത്തവര്‍ കാലികളുടെ ഭക്ഷണവും ഇലകളും മറ്റും കഴിച്ച് വിശപ്പടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുഞ്ഞുങ്ങളിലേറെയും കൊടുംപട്ടിണിയിലാണ്. വടക്കന്‍ ഗസ്സയിലെ മൂന്നു ലക്ഷത്തോളം പേരാണ് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത്. ഇവിടേക്ക് പ്രതിദിനം രണ്ടു ട്രക്കുകള്‍ മാത്രമാണ് കടത്തിവിടുന്നത്. യു.എസും യൂറോപ്യന്‍ രാജ്യങ്ങളിലേറെയും സഹായം റദ്ദാക്കിയിട്ടുണ്ട്. ഇതുവഴി 22 ലക്ഷം ഫലസ്തീനികള്‍ക്ക് ഭക്ഷണം മുടങ്ങിയെന്ന് ഗസ്സയിലെ യു.എന്‍ പ്രത്യേക പ്രതിനിധി മൈക്കല്‍ ഫഖ്രി കുറ്റപ്പെടുത്തുന്നു.
അതേസമയം, ഇസ്‌റാഈല്‍ തുടരുന്ന ക്രൂരതകള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി അമേരിക്കന്‍ സൈനികന്‍ വാഷിങ്ടണിലെ ഇസ്‌റാഈല്‍ എംബസിക്കു മുന്നില്‍ സ്വയം തീകൊളുത്തിയത് ലോകം കണ്ടതാണ്. ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. യു.എസ് വ്യോമസേനാംഗമായ ടെക്‌സസ് സ്വദേശി ആരോണ്‍ ബുഷ്‌നെല്‍ (25) ആണ് മരിച്ചത്. ‘ഈ വംശഹത്യയില്‍ എനിക്കു പങ്കില്ല’ എന്ന് വിളിച്ചുപറഞ്ഞ് സമൂഹമാധ്യമത്തില്‍ ലൈവ് ഇട്ടായിരുന്നു ഡ്യൂട്ടി സമയത്ത് ഇദ്ദേഹം സ്വയം തീ കൊളുത്തിയത്. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
യു.എസിലെ ഇസ്‌റാഈല്‍ എംബസിക്കു മുന്നില്‍ വംശഹത്യക്കെതിരായ പ്രതിഷേധവും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളും നടക്കാറുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗസ്സ വംശഹത്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലടക്കം പടരുന്ന വികാരത്തിന്റെ ഏറ്റവും ശക്തവും വേദനാജനകവുമായ ഉദാഹരണമാണ് യു.എസ് സൈനികന്റെ ആത്മാഹുതി. ബുഷ്‌നെല്ലിന്റെ ഓര്‍മകളുണര്‍ത്തി അമേരിക്കയുടെ പല ഭാഗങ്ങളിലും യുദ്ധവിരുദ്ധ റാലികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിനിടെ ഇസ്‌റാഈലിന്റെ അവസാനിക്കാത്ത ക്രൂരതയില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവെച്ചു. ‘അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗസ്സ യുദ്ധവും കാരണമാണ് വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഭരിക്കുന്ന തന്റെ സര്‍ക്കാര്‍ രാജിവെക്കുന്നത്. വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് രാജി. ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ള പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കണം’ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അയച്ച രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്തര്‍ കേന്ദ്രമായി വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുകയാണ്. അധികം വൈകാതെ കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് അമേരിക്കയുടെ പ്രതികരണം. ബന്ദികള്‍ക്ക് പകരം ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് ഇസ്‌റാഈല്‍ തടവറയിലുള്ള മുതിര്‍ന്ന ഫലസ്തീന്‍ നേതാക്കളെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യം ഇസ്‌റാഈല്‍ അംഗീകരിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ ഹമാസ് തയാറായിട്ടില്ല.
നെതന്യാഹു സര്‍ക്കാറിനെതിരെ തെല്‍അവീവില്‍ കൂറ്റന്‍ മാര്‍ച്ച് പ്രഖ്യാപിച്ച് ബന്ദികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. നാലുനാള്‍ നീണ്ടുനില്‍ക്കുന്ന മാര്‍ച്ച് ഗസ്സ അതിര്‍ത്തിയില്‍നിന്ന് ആരംഭിച്ച് ജറൂസലമില്‍ അവസാനിക്കും. ബുധനാഴ്ച തുടങ്ങുന്ന മാര്‍ച്ച് ശനിയാഴ്ചയാണ് സമാപിക്കുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക