Saturday, 27 July - 2024

‘കെട്ടിപ്പിടിക്കലും ചുംബിക്കലും അല്ലല്ലോ കരാട്ടെ ക്ലാസ്; അന്നേ തോന്നി, സംതിങ് റോങ്’- വെളിപ്പെടുത്തൽ

ചേര്‍ത്തതിന്റെ മൂന്നാം ദിവസം മകളുടെ അവിടത്തെ ക്ലാസ് ഞാന്‍ നിര്‍ത്തി. വിദ്യാര്‍ഥികളുമായുള്ള അയാളുടെ ഇടപഴകലും അവിടത്തെരീതികളുമെല്ലാം കണ്ടപ്പോള്‍ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. അതോടെ മകളുടെ ക്ലാസും അവസാനിപ്പിച്ചു.

കോഴിക്കോട്: മലപ്പുറം എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. കരാട്ടെ അധ്യാപകനായ ഊര്‍ക്കടവ് സ്വദേശി സിദ്ദീഖലി(48)ക്കെതിരേയാണ് കൂടുതല്‍പേര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കരാട്ടെ ക്ലാസിനെത്തുന്ന ആണ്‍കുട്ടികളോട് പോലും സിദ്ദീഖലി മോശമായി പെരുമാറിയെന്നും ‘ബ്രെയിന്‍ വാഷ്’ ചെയ്ത ശേഷമാണ് ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നും മലപ്പുറം സ്വദേശിയായ യുവതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് സിദ്ദീഖലിയുടെ കരാട്ടെ ക്ലാസില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മാതാവാണ് ഇവര്‍.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സിദ്ദീഖലി നേരത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ യുവതി സാമൂഹികമാധ്യമത്തിലൂടെ സമാനവെളിപ്പെടുത്തല്‍ നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. എന്നാല്‍, അന്നത്തെ കേസെല്ലാം തീര്‍ത്ത് സിദ്ദീഖലി വീണ്ടും കരാട്ടെ ക്ലാസ് ആരംഭിക്കുകയും കുട്ടികളെ ഉപദ്രവിക്കുന്നത് തുടര്‍ന്നെന്നുമാണ് യുവതി പറയുന്നത്.

”2021 സെപ്റ്റംബറിലാണ് ആറു വയസ്സുള്ള മകളെ അയാളുടെ കരാട്ടെ ക്ലാസില്‍ ചേര്‍ത്തത്. മകളെ കരാട്ടെ പഠിപ്പിക്കാനായി അന്വേഷിച്ചപ്പോള്‍ പലരും നിര്‍ദേശിച്ചത് സിദ്ദീഖലിയുടെ ക്ലാസായിരുന്നു. എന്നാല്‍, ചേര്‍ത്തതിന്റെ മൂന്നാം ദിവസം മകളുടെ അവിടത്തെ ക്ലാസ് ഞാന്‍ നിര്‍ത്തി.

“അയാളുടെ വീടിന്റെ മുകളിലാണ് കരാട്ടെ ക്ലാസ് നടക്കുന്നത്. പുറമേനിന്ന് വരുന്ന ഏതൊരാള്‍ക്കും അവിടത്തെ കാര്യങ്ങള്‍ കണ്ടാല്‍ എല്ലാം മനസിലാകും. രക്ഷിതാക്കളാരും കുട്ടികള്‍ക്കൊപ്പം പോകാത്തതിനാലാണ് പലര്‍ക്കും ഇതൊന്നും മനസിലാകാഞ്ഞത്. ഞാന്‍ അല്ലാതെ ആരും ഒരു രണ്ടു മിനിറ്റെങ്കിലും ആ ക്ലാസ് നടക്കുന്നയിടിത്ത് ഇരിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകില്ല.

“എന്നെ കണ്ടാല്‍ അയാള്‍ ഡീസന്റായി അഭിനയിക്കും. മൂന്നു ദിവസമേ മകള്‍ അവിടെ ക്ലാസിന് പോയുള്ളൂ. മകളെ ക്ലാസിന് കൊണ്ടുപോയാല്‍ അവസാനിക്കുന്നത് വരെ ഞാന്‍ അവിടെ കാത്തിരിക്കും. അയാളുടെ ഇടപെടലും അവിടെ നടക്കുന്നതുമെല്ലാം കണ്ടപ്പോള്‍ എന്തോ അസ്വസ്ഥത തോന്നി. അതോടെ മകളുടെ ക്ലാസും നിര്‍ത്തി. പിന്നീട് ഡിസംബറിലാണ് ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ വാര്‍ത്ത കാണുന്നത്. എന്താണോ ഞാന്‍ അന്ന് ചിന്തിച്ചത്, അതുതന്നെയായിരുന്നു അവിടെ സംഭവിച്ചതും.”- യുവതി വിശദീകരിച്ചു.

അന്ന് തുറന്നുപറഞ്ഞു, ഭീഷണിയുണ്ടായി…

”സിദ്ദീഖലി പോക്‌സോ കേസില്‍ അറസ്റ്റിലായതോടെ അതിന്റെ പത്രവാര്‍ത്ത സഹിതമാണ് സാമൂഹികമാധ്യമത്തില്‍ അന്ന് പോസ്റ്റിട്ടത്. ഇതേത്തുടര്‍ന്ന് ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ സ്വരത്തില്‍ ചില ശബ്ദസന്ദേശങ്ങളും കിട്ടി. അപ്പോഴും ഞാന്‍ ഉറച്ചുനിന്നു. ഒരിക്കലും അയാള്‍ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നില്ല. അയാളുടെ കൂടെ പലരും ഉണ്ട്. അയാള്‍ മുഖത്ത് നോക്കി സംസാരിക്കാന്‍ പോലും ധൈര്യമില്ലാത്തയാളാണ്.”

ഒരുരക്ഷിതാവെങ്കിലും അവിടെ പോയിരുന്നെങ്കില്‍…

ഒരു രക്ഷിതാവെങ്കിലും സിദ്ദീഖലിയുടെ കരാട്ടെ ക്ലാസ് നടക്കുന്നയിടത്ത് നേരിട്ട് പോയിരുന്നെങ്കിലും ഇങ്ങനെയൊരു മരണം സംഭവിക്കില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം. ”അവിടെ കരാട്ടെ പഠിപ്പിക്കുന്ന ചില അധ്യാപികമാരും ഉണ്ട്. അവരെല്ലാം ഇയാളുടെ ശിക്ഷണത്തില്‍ വളര്‍ന്നവരാണ്. അവരും അശ്ലീലമായ രീതിയിലാണ് പലപ്പോഴും പെരുമാറിയിരുന്നത്. ഒരു പ്രൊഫഷണലിസവും അവിടെ ഉണ്ടായിരുന്നില്ല. നൈറ്റ് ഡ്രെസ് ധരിച്ച് വരെ പെണ്‍കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. ഒരു രക്ഷിതാവെങ്കിലും അവിടെ പോയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.

“കുട്ടികള്‍ക്ക് ഇതൊന്നും മനസിലാകില്ലല്ലോ. പല കുട്ടികളും ഇയാളുടെ ക്ലാസില്‍ ചേരാന്‍ വാശിപിടിച്ചതായി വരെ കേട്ടിരുന്നു. കുട്ടികളുടെ ബുദ്ധി പോലും ഇയാളുടെ കൈകളിലാണ്. അന്വേഷിച്ചപ്പോള്‍ നല്ല കരാട്ടെ ക്ലാസ് നടക്കുന്നത് അവിടെയാണെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ, എനിക്ക് എന്തോ ‘സംതിങ് റോങ്’ ആയി തോന്നി. അതോടെ അവിടെ മകളുടെ കരാട്ടെ പഠനം വേണ്ടെന്നും തീരുമാനിച്ചു”.

എന്നോടും കരാട്ടെ പഠിക്കാന്‍ പറഞ്ഞു…

”കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്‌തെടുക്കുകയായിരുന്നു അയാളുടെ രീതി. ഹിപ്‌നോട്ടിസം പോലെ എന്തെങ്കിലും ഇയാള്‍ക്ക് വശമുണ്ടോ എന്ന് സംശയമുണ്ട്. എന്നോട്ടും കരാട്ടെ പഠിക്കാന്‍ വരണമെന്ന് അയാള്‍ മകളോട് പറഞ്ഞിരുന്നു. ‘ഉമ്മായ്ക്ക് വേണമെങ്കിലും കരാട്ടെയ്ക്ക് ജോയിന്‍ ചെയ്യാം’ എന്നായിരുന്നു അയാള്‍ മകളോട് പറഞ്ഞത്. എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. അതിന് അയാള്‍ക്ക് നല്‍കേണ്ട മറുപടിയും മകളോട് പറഞ്ഞിരുന്നു.

“മകള്‍ ക്ലാസിന് പോയി മൂന്നാം ദിവസം അവളുമായി ഒരിടത്ത് പോകേണ്ട ആവശ്യമുണ്ടായി. അതിന് കരാട്ടെ ക്ലാസില്‍നിന്ന് അവധിയെടുക്കാന്‍ പറഞ്ഞപ്പോള്‍ മകള്‍ സമ്മതിച്ചില്ല. ഒരിക്കലും ലീവെടുക്കരുതെന്ന് സാര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകളുടെ പ്രതികരണം. അത് കേട്ടപ്പോഴും എന്തോ അസ്വാഭാവികത തോന്നി. തുടര്‍ന്ന് അവധി പറയാനായി അയാളെ ഫോണില്‍ വിളിച്ചപ്പോഴും മോശമായ രീതിയിലായിരുന്നു സംസാരം. അയാളെക്കുറിച്ച് ഊര്‍ക്കടവ് ഭാഗത്തെ പലരോടും ഞാന്‍ അന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ കരുതുന്നത് പോലെയല്ല അവിടെ നടക്കുന്നതെന്ന് പലവട്ടം പലരോടും പറഞ്ഞതാണ്. പക്ഷേ, അന്ന് അത് തെളിയിക്കാനുള്ള തെളിവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, സാമാന്യബുദ്ധിയുള്ള ആര്‍ക്കും അവിടെ പോയാല്‍ അത് മനസിലാകും.”

ആണ്‍കുട്ടികളോട് പോലും മോശം പെരുമാറ്റം, കടുത്ത ശിക്ഷ കിട്ടണം…

“കെട്ടിപിടിക്കലും ചുംബിക്കലും അല്ലല്ലോ കരാട്ടെ ക്ലാസ്, അവിടെ അതെല്ലാമാണ് നടന്നിരുന്നത്. ഞാന്‍ അന്ന് വിചാരിച്ച പല കാര്യങ്ങളുമാണ് അവിടെ പഠിച്ചിരുന്ന ചില വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

“ആണ്‍കുട്ടികളോട് പോലും അയാള്‍ മോശമായി പെരുമാറിയിരുന്നു. പല സ്‌കൂളുകളിലും അയാള്‍ കരാട്ടെ ക്ലാസെടുത്തിരുന്നു. അവിടെനിന്നെല്ലാം പുറത്താക്കി. സ്‌കൂളുകളിലെ കരാട്ടെ ക്ലാസിലെ പരിചയം മുതലെടുത്താണ് കുട്ടികളെ വീട്ടില്‍ നടത്തുന്ന ക്ലാസിലേക്ക് ആകര്‍ഷിച്ചിരുന്നത്. നിങ്ങള്‍ക്ക് മെഡല്‍ കിട്ടണോ, ബ്ലാക്ക് ബെല്‍റ്റ് വേണോ എന്നെല്ലാം ചോദിച്ചാണ് കുട്ടികളെ ക്ലാസിലേക്ക് ക്ഷണിച്ചിരുന്നത്.

“പോക്‌സോ കേസില്‍ സിദ്ദീഖലിക്ക് കടുത്ത ശിക്ഷ കിട്ടണം. എന്റെ കുട്ടി സുരക്ഷിതയായിരുന്നു. പക്ഷേ, എന്റെ കുട്ടി മാത്രം സുരക്ഷിതയായാല്‍ പോര. ഓരോ കുട്ടികളും നമ്മുടേതാണ്. നമ്മുടെ കുട്ടികളെ പിച്ചിച്ചീന്താനായി ഒരിക്കലും അയാളെ ഇനി അനുവദിക്കരുത്. എന്റെ കുട്ടി മാത്രം സേഫായാല്‍ പോര, ഓരോ കുട്ടികളും നമ്മുളേടതാണ്. നമ്മുടെ കുട്ടികളെ പിച്ചിച്ചീന്താന്‍ അയാള്‍ ഒരിക്കലും അവിടെ വരരുത്. പോക്‌സോ കേസില്‍ അയാള്‍ക്കെതിരേ കടുത്തശിക്ഷ കിട്ടണം. 17-കാരിയുടെ മരണത്തിലെ ദുരൂഹതയടക്കം പോലീസ് തെളിയിക്കട്ടെയെന്നും യുവതി പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: