ഒടുവില്‍ ട്വിസ്റ്റ്; ഖത്തര്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് മോദി, സുപ്രധാന വിധിക്ക് പിന്നാലെ, ആദ്യം യുഎഇ

0
1798

ന്യൂഡല്‍ഹി: മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ട പിന്നാലെ ഖത്തര്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ യുഎഇ സന്ദര്‍ശനം പ്രഖ്യാപിച്ചിരുന്നു എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഖത്തര്‍ കൂടി സന്ദര്‍ശിക്കുന്നത് എന്നാണ് വിവരം. മോദി ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ കത്ര പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഖത്തറുമായി സഹകരണം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗം കൂടിയാണ് മോദിയുടെ ദോഹ സന്ദര്‍ശനം. എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ച ഖത്തര്‍ നടപടി അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. എല്ലാവരും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. മോദിയുടെ നയതന്ത്ര വിജയമായി ബിജെപി ഇതിനെ വിലയിരുത്തുന്നതിനിടെയാണ് പുതിയ സന്ദര്‍ശനം പ്രഖ്യാപിച്ചത്. ആദ്യം മോദി യുഎഇ സന്ദര്‍ശിക്കും…

8.4 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. കൂടുതലും മലയാളികളാണ്. ഖത്തറിലെ സ്വദേശികളുടെ ഇരട്ടി വരും ആ രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം. എട്ട് നാവികരെയും വിട്ടയക്കാനുള്ള ഖത്തര്‍ അമീറിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ എട്ട് പേരെയും ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കെയാണ് നയതന്ത്ര ഇടപെടലുണ്ടായതും മോചിപ്പിച്ചതും.

ഒക്ടോബര്‍ 26നാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത് ഡിസംബര്‍ 28നായിരുന്നു. മൂന്ന് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ തടവാണ് പിന്നീട് വിധിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ മോദി ഖത്തര്‍ അമീറിനെ യുഎഇയില്‍ വച്ച് കണ്ടിരുന്നു. ഈ ചര്‍ച്ചയാണ് മോചനത്തിലേക്ക് നയിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.

അതേസമയം, നാളെ നരേന്ദ്ര മോദി യുഎഇയിലെത്തും. അബുദാബിയില്‍ നിര്‍മിച്ച ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും. നയതന്ത്ര ചര്‍ച്ചകളും പദ്ധതിയിട്ടിട്ടുണ്ട്. അഹ്‌ലന്‍ മോദി എന്ന വലിയ സ്വീകരണ പരിപാടിയും നടക്കും. അര ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ പങ്കെടുക്കുന്ന പൊതുപരിപാടിയാണ് അബുദാബിയില്‍ നടക്കാന്‍ പോകുന്നത്.

ചൊവ്വാഴ്ച യുഎഇയിലെത്തുന്ന മോദി ബുധനാഴ്ച ഏറെ നേരം യുഎഇയില്‍ ചെലവഴിക്കും. ശേഷമാണ് ഖത്തറിലേക്ക് പോകുക. ഖത്തര്‍ അമീറുമായി മോദി ചര്‍ച്ച നടത്തുമെന്നാണ് വിവരം. അടുത്തിടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള എല്‍എന്‍ജി കരാര്‍ പുതുക്കിയിരുന്നു. വില കുറച്ച് ഇന്ത്യയ്ക്ക് വാതകം നല്‍കാന്‍ ഖത്തര്‍ തയ്യാറായിട്ടുണ്ട്. 2028ല്‍ അവസാനിക്കാനിരിക്കുന്ന കരാറാണ് 2048 വരെ നീട്ടി ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പുതിയ വിവരം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക