പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി; എംപിയുടെ തല പൊട്ടി, നിരവധി പേർക്ക് പരിക്ക്, മാലിദ്വീപിൽ ഭരണപ്രതിസന്ധി

0
2290

ന്യൂഡൽഹി: മാലദ്വീപ് പാർലമെൻ്റിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ഭിന്നതയാണ് പാർലമെന്റിലെ കൂട്ടത്തല്ലിൽ കലാശിച്ചത്. സംഘർഷത്തിൽ നിരവധി അംഗങ്ങൾക്ക് പരിക്കേറ്റു. ഒരു എംപിയുടെ തലപൊട്ടുകയും ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക         

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിയോജിപ്പ് പ്രകടിപ്പിക്കാൻ ചില എംപിമാർ സംഗീതോപകരണങ്ങൾ ഉൾപ്പെടെ വായിച്ചപ്പോൾ ചേംബറിനുള്ളിൽ സ്പീക്കർ ചെവി പൊചത്തിപ്പിടിക്കുന്നത് ഉൾപ്പെടെ കാണാമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയായത്.

മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പാർലമെന്റിന്റെ അംഗീകാരം നേടുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, മുയിസുവിന്റെ 22 അംഗ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകാൻ പ്രതിപക്ഷ കക്ഷികൾ തയാറാകാതെ വന്നതോടെയാണ് സംഘർഷം രൂപപ്പെട്ടത്.

വോട്ടെടുപ്പിനു മുന്നോടിയായി ചേർന്ന പാർലമെന്ററി ഗ്രൂപ്പ് യോഗത്തിൽ, നാലു പ്രധാനപ്പെട്ട കാബിനറ്റ് അംഗങ്ങൾക്കുള്ള അംഗീകാരം പിൻവലിക്കാൻ പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ, പ്രതിപക്ഷ പാർട്ടിയായ എംഡിപിയുമായി അടുത്തിടെ സഖ്യം ചേർന്ന ദ് ഡെമോക്രാറ്റ്സും മൂന്ന് മന്ത്രിമാരെ അംഗീകരിക്കാനില്ലെന്ന് വ്യക്തമാക്കി. വിദേശകാര്യമന്ത്രി മൂസ സമീറിനുള്ള പിന്തുണയും പിൻവലിച്ചു. ആകെയുള്ള 87 എംപിമാരിൽ 56 പേരും ഈ പാർട്ടികളിൽ നിന്നായതിനാൽ, ഇവരുടെ പിന്തുണയില്ലാതെ മന്ത്രിമാർക്ക് അംഗീകാരം ലഭിക്കില്ലെന്ന സ്ഥിതി വന്നു. ഇതോടെയാണ് സംഘർഷം രൂപപ്പെട്ടത്.

അതേസമയം, ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നു ചൂണ്ടിക്കാട്ടി ദ് ഗവൺമെന്റ് ഓവർസൈറ്റ് കമ്മിറ്റി ഇക്കഴിഞ്ഞ ഡിസംബറിൽ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും അംഗീകാരം നൽകിയിരുന്നു. ഇതോടെ, സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനും ദുർബലപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന ആരോപണവുമായി ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപും (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസും (പിഎൻസി) രംഗത്തെത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലിദ്വീപിലെ രീതി. കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്‌സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മൊയ്‌സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടിക്ക് പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല.

മൊയിസു മന്ത്രിമാരാക്കിയ നാലു പേരെ അംഗീകരിക്കില്ലെന്ന് പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് എടുത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഇതിനെച്ചൊല്ലിയാണ് അംഗങ്ങൾ ഏറെ നേരം തമ്മിലടിച്ചത്. മന്ത്രിമാരെ അംഗീകരിക്കില്ലെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചതോടെ മൊയിസു സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്. വിദേശകാര്യത്തിൽ അടക്കം മൊയ്‌സുവിന്റെ നയങ്ങൾ രാജ്യത്തിന് ആപത്താണ് എന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക         

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക