മാവേലിക്കര: അമ്മയുടെ വീട്ടിൽ പൊയ്ക്കോട്ടെ എന്നതായിരുന്നു ആറു വയസ്സുകാരി നക്ഷത്ര അവസാനമായി അച്ഛനോട് ചോദിച്ചത്. എന്നാല്‍ ക്രൂരനായ ആ പിതാവ് ചെയ്തത് പിഞ്ചുകുഞ്ഞിനെ മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തി ഈ ലോകത്തുനിന്നു തന്നെ ഇല്ലാതാക്കുകയായിരുന്നു. ജീവിച്ചുകൊതി തീരും മുന്‍പ് നക്ഷത്രയും യാത്രയായി അവളെ തനിച്ചാക്കി അമ്മ പോയ ലോകത്തേക്ക്. മുപ്പത്തിയെട്ടുകാരനായ ശ്രീമഹേഷ് മഴു കൊണ്ട് വെട്ടിയാണ് സ്വന്തം മകളെ കൊന്നത്. ഒടുവില്‍ വിചാരണയ്ക്കു ശേഷം ജയിലിലേക്കു കൊണ്ടുപോകുമ്പോള്‍ ശ്രീമഹേഷ് ചെയ്തുപോയ മഹാപരാധത്തിന്റെ പ്രായശ്ചിത്തമായി ട്രെയിനില്‍നിന്നു ചാടി ജീവനൊടുക്കുകയായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മൂന്ന് വർഷം മുൻപാണ് നക്ഷത്രയ്ക്ക് അമ്മയെ നഷ്ടമായത്. നക്ഷത്രയുടെ അമ്മ വിദ്യ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. അച്ഛൻ ശ്രീമഹേഷിന്റെ കൂടെയായിരുന്നു നക്ഷത്രയുടെ പിന്നീടുള്ള ജീവിതം. മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രീമഹേഷിന്റെ നീക്കത്തിന് വിലങ്ങുതടിയായതോടെ നക്ഷത്രയെ വെട്ടിമാറ്റുകയായിരുന്നു. മാവേലിക്കര പത്തിയൂരിലെ അമ്മയുടെ കുഴിമാടത്തിന് സമീപത്തു തന്നെയാണ് നക്ഷത്രയെയും അടക്കം ചെയ്തത്. നക്ഷത്ര മുള്ളിക്കുളങ്ങര ഗവ.എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
2023 ജൂൺ ഏഴിന് രാത്രി ഏഴരയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. അമ്മയുടെ വീട്ടിലേക്ക് പൊയ്ക്കോട്ടെ എന്നു ചോദിച്ചായിരുന്നു പ്രശ്നം തുടങ്ങിയത്. ശ്രീമഹേഷിന്റെ അമ്മ സുനന്ദയോടാണ് നക്ഷത്ര, അമ്മ വിദ്യയുടെ വീടായ പത്തിയൂരിലേക്ക് പൊയ്ക്കോട്ടെയെന്നു ചോദിച്ചത്. സുനന്ദ അച്ഛനോട് ചോദിച്ചു നോക്കൂ എന്ന പറഞ്ഞശേഷം സുനന്ദ അടുത്തുള്ള മകളുടെ വീട്ടിലേക്ക് പോയി. നക്ഷത്ര ശ്രീമഹേഷിനോട് ഇക്കാര്യം ചോദിച്ചതോടെ തർക്കമായി. തുടർന്ന് മഴുകൊണ്ട് നക്ഷത്രയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
മകളുടെ വീട്ടിലെത്തിയ ഉടനെ നക്ഷത്രയുെട കരച്ചിൽ കേട്ടതോടെ സുനന്ദ തിരിച്ചോടി വീട്ടിലെത്തി. സോഫയിൽ കഴുത്തിൽ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് സുനന്ദ കണ്ടത്. ഇവർ അലറിക്കരഞ്ഞപ്പോൾ ശ്രീമഹേഷ് സുനന്ദയെയും വെട്ടി. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ നെറ്റിക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി. ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
അധികം സൗഹൃദങ്ങളില്ലാത്ത തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു മഹേഷിന്റേതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍ സൈനികനായ അച്ഛന്റെയും റിട്ട. നഴ്‌സിങ് സൂപ്രണ്ടായ അമ്മയുടെയും പെന്‍ഷന്‍ തുകയായിരുന്നു മഹേഷിന് ജീവിതച്ചെലവിനുണ്ടായിരുന്നത്. സാമ്പത്തികമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നക്ഷത്ര കൊല്ലപ്പെട്ടതോടെ വിദ്യയുടെ മരണത്തിലും ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിദ്യയുടെ മരണത്തിനു പിന്നിൽ ശ്രീമഹേഷ് ആണെന്ന് കരുതുന്നുവെന്നുമാണ് കുടുംബം ആരോപിച്ചത്. കുടുംബവഴക്കിനിടെ മുറിയില്‍ കയറി വാതിലടച്ച വിദ്യ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.
ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ രണ്ടര വർഷം മുൻപു ട്രെയിൻ തട്ടി മരിച്ചു. പിതാവിന്റെ മരണത്തോടെയാണു വിദേശത്തായിരുന്ന ശ്രീമഹേഷ് നാട്ടിലെത്തിയത്. വിദ്യയുടെ മരണശേഷം ശ്രീമഹേഷ് പുനർവിവാഹത്തിനായി ശ്രമിച്ചിരുന്നു. ഒരു വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും ശ്രീമഹേഷിന്റെ സ്വഭാവത്തിൽ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹത്തിൽ നിന്നു പിൻമാറുകയായിരുന്നു.
വിവാഹം മുടങ്ങിയതാണ് മഹേഷിന് നക്ഷത്രയോട് വിരോധം തോന്നാൻ കാരണമായതെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തിൽ വെട്ടിയതെന്നും എഫ്ഐആറിൽ പറയുന്നു. മാവേലിക്കര സബ് ജയിലിൽ കഴിയുമ്പോൾ പ്രതി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ജയിലില്‍വച്ചു ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്തു മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇയാളുടെ ജീവൻ രക്ഷിച്ചു. എന്നാൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമത്തിൽ നിന്നും ശ്രീമഹേഷിനെ രക്ഷിക്കാൻ സാധിച്ചില്ല. ഓടുന്ന ട്രെയിനിൽ നിന്നും പൊലീസിനെ വെട്ടിച്ച് അയാൾ മരണത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക