400 കിലോഗ്രാം ശരീരഭാരം ഉള്ള 48 കാരിയെ മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ അഞ്ചാം നിലയിൽ നിന്ന് ആശുപത്രിയിലെത്തിച്ചു

0
684

ഷാർജ: 400 കിലോഗ്രാം ശരീരഭാരം
ഉള്ള 48 കാരിയായ അറബ് സ്ത്രീയെ ഷാർജ അഗ്നിശമന സേനാംഗങ്ങൾ, നാഷനൽ ആംബുലൻസ് ടീം, ഷാർജ പൊലീസ് ആംബുലൻസ്, ദുബായ് ആംബുലൻസ് എന്നിവയുൾപ്പെടുന്ന സംഘം രാത്രി ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുത്തി.

14 മണിക്കൂർ നീണ്ട വിജയകരമായ ഓപ്പറേഷനിലൂടെയാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.
ഹൃദ്രോഗം, ശ്വാസതടസ്സം എന്നിവ മൂലം അവശതയിലായ സ്ത്രീക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നു.  തുടർന്ന് കുടുംബം ആംബുലൻസില്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടു.

എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വലിയ ഭാരം തടസ്സം സൃഷ്ടിച്ചതിനാൽ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അധികൃതര്‍ ദ്രുതഗതിയിൽ നടപടി സ്വീകരിക്കുകയായിരുന്നു. 

ഷാർജ സിവിൽ ഡിഫൻസ്, നാഷനൽ ആംബുലൻസ്, ഷാർജ പൊലീസ് ആംബുലൻസ് എന്നിവ സംയുക്തമായി നടത്തിയ പരിശ്രമം ഒടുവിൽ വിജയം കണ്ടു. ദുബായ് ആംബുലൻസിൽ നിന്നുള്ള പ്രത്യേക വാഹനത്തിന്റെ അധിക പിന്തുണയോടെയാണ് കനത്ത ഭാരം കൈകാര്യം ചെയ്യാനായത്. സങ്കീർണമായ ഓപ്പറേഷനിലൂടെയാണ്  സ്ത്രീയെ അവരുടെ അഞ്ചാം നിലയിലെ അപാർട്ട്മെന്റിൽ നിന്ന് പുറത്ത് എത്തിച്ചത്.

ഫ്ലാറ്റിന്‍റെ വാതിലിലൂടെ കൊണ്ടുവരിക പ്രയാസകരമായി
ഫ്‌ളാറ്റിന്റെ മുൻവാതിലിലൂടെ സ്ത്രീയെ പുറത്തേക്ക് കൊണ്ടുപോകാനുള്ള  ബുദ്ധിമുട്ട് നേരിട്ട കുടുംബം ബദൽ മാർഗങ്ങൾ പരിശോധിച്ച ശേഷം ഷാർജ സിവിൽ ഡിഫൻസിന്റെ സഹായം തേടുകയായിരുന്നു. 400 കിലോ ഭാരമുള്ള യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുന്നതിനായി ദേശീയ ആംബുലൻസിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സഹായം അഭ്യർഥിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രി. സമി ഖമീസ് അൽ നഖ്ബി  പറഞ്ഞു.  സ്ത്രീയുടെ ആരോഗ്യനില വഷളായതിനാൽ അവർക്ക് ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും വീട്ടിൽ ചികിത്സിക്കാൻ കഴിയില്ലെന്നും കുടുംബം പറഞ്ഞു.

സമയം വളരെ നിർണായകമാണെന്ന് തിരിച്ചറിഞ്ഞ  അഗ്നിശമന സേനാംഗങ്ങൾ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് യുവതിയെ അവർ താമസിച്ചിരുന്ന അപാർട്ട്മെന്റിൽ നിന്ന് പുറത്തെടുത്തത്.  സുരക്ഷിതമായി ഓപ്പറേഷൻ പൂർത്തിയാക്കാൻ അഗ്നിശമന സേനാംഗങ്ങൾ അവരുടെ ശരീരത്തിന് ചുറ്റും ഒരു കവർ ഇട്ട ശേഷമായിരുന്നു രക്ഷാപ്രവർത്തനമെന്ന് ബ്രി. അൽ നഖ്ബി വിശദീകരിച്ചു.  ഓപ്പറേഷൻ പൂർത്തിയാക്കാൻ 14 മണിക്കൂർ എടുത്തു.  സുരക്ഷിതമായി നിലത്ത് ഇറക്കിയ ശേഷം സ്ത്രീയെ ദേശീയ ആംബുലൻസിലും ദുബായ് ആംബുലൻസ് പ്രത്യേക വാഹനത്തിലും ചികിത്സയ്ക്കായി കൊണ്ടുപോവുകയും ഉമ്മുൽ ഖുവൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.