ജിദ്ദ: സിഫ് ഈസ്ടീ ചാംപ്യൻസ് ലീഗിന്റെ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച. വൈകിട്ട് 5 മണി മുതൽ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നടൻ സിദ്ദീഖ് മുഖ്യാതിഥിയായിരിക്കുമെന്ന്
ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എ, ബി എന്നീ രണ്ട് സീനിയർ ഡിവിഷൻ ഫൈനലുകൾക്കു പുറമെ പതിനേഴ് വയസ്സിന് താഴെയുള്ള ജൂനിയർ ഡിവിഷനായ ഡി ഡിവിഷൻ ഫൈനലും വെള്ളിയാഴ്ചയാണ് നടക്കുക.
മിനിസ്ട്രി ഓഫ് എജുക്കേഷൻ സ്‌റ്റേഡിയം അറ്റുകുറ്റപ്പണികൾക്കായി അടച്ചിട്ടതിനാൽ വസീരിയയിലെ അൽ തആവുൻ സ്‌റ്റേഡിയത്തിൽ നടന്നു വന്നിരുന്ന ടൂർണമെന്റ് കാണികൾക്കുണ്ടായിരുന്ന അസൗകര്യം കണക്കിലെടുത്താണ് കൂടുതൽ സൗകര്യാർഥം കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതെന്ന് അവർ പറഞ്ഞു. സിനിമാ താരം സിദ്ദീഖിനെ കൂടാതെ കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാനും മുഖ്യാതിഥികളായിരിക്കും.
എ ഡിവിഷൻ ഫൈനലിൽ പ്രിന്റക്‌സ് റിയൽ കേരള എഫ്.സി പവർ ഹൗസ് മഹ്ജർ എഫ്.സിയെ നേരിടും. ബി ഡിവിഷനിൽ സൈക്ലോൺ ഐ.ടി സോക്കർ, എഫ്.സി അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സിനെയും ഡി ഡിവിഷനിൽ ബദർ അൽ തമാം ടാലന്റ് ടീൻസ് അക്കാദമി സ്‌പോർട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാദമിയെയും നേരിടും. മൂന്ന് ഡിവിഷനുകളിലും ശക്തമായ മത്സരം പ്രതീക്ഷിക്കാം. ദേശീയ, രാജ്യാന്തര താരങ്ങളുടെ നീണ്ട നിര തന്നെ ഫൈനൽ കളിക്കുന്ന ടീമുകളിൽ കളിക്കാനായി ജിദ്ദയിൽ എത്തിയിട്ടുണ്ട്.
ബി ഡിവിഷൻ വിജയികൾക്ക് 6,000 റിയാലും റണ്ണേഴ്‌സിന് 3000 റിയാലും ഡി ഡിവിഷൻ ജേതാക്കൾക്ക് 2000 റിയാലും റണ്ണേഴ്‌സിന് 1000 റിയാലും സമ്മാനമായി നൽകും. ഇതിനു പുറമെ ട്രോഫികളും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




