വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ആലുവ ടൗൺ ജുമാമസ്ജിദിൽ ഖബറടക്കും
കൊച്ചി: തുടര്‍ചികിത്സക്കായി കുടുംബാംഗങ്ങളും നാട്ടുകാരും ഒരുക്കം നടത്തുന്നതിനിടെയാണ് ഷെല്‍ന നിഷാദിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍. ഷെല്‍നയുടെ നിര്യാണത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഷെൽന നിഷാദ്. അർബുദരോഗത്തെ തുടർന്ന് ആറ് മാസമായി ചികിത്സയിലായിരുന്നു 36 വയസ്സുകാരിയായ ഷെൽന ഇന്ന് വൈകിട്ടോടെയാണ് വിടവാങ്ങിയത്.വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ആലുവ ടൗൺ ജുമാമസ്ജിദിൽ ഖബറടക്കും.
ആറ് മാസമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഷെൽന നിഷാദ്. 36 വയസ്സായിരുന്നു. മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും രക്തത്തിലെ പ്ലേറ്റ്‍ലറ്റിന്‍റെ അളവ് കുറഞ്ഞത് ആരോഗ്യാവസ്ഥ മോശമാക്കി. രക്തക്യാംപ് നടത്തി തുടർചികിത്സക്കായുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും നാട്ടുകാരും. രക്തദാതാക്കളെ തേടിയുള്ള അന്വേഷണത്തിനിടെ ആണ് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഷെൽനയുടെ മരണം സ്ഥിരീകരിച്ചത്.
രണ്ടരപതിറ്റാണ്ടുകാലം ആലുവ എംഎൽഎ യും കോൺഗ്രസ് നേതാവുമായിരുന്ന കെ മുഹമ്മദലിയുടെ മകൻ നിഷാദിന്‍റെ ഭാര്യയാണ് ഷെൽന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ അൻവർ സാദത്തിനെതിരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷെൽനയുടെ സ്ഥാനാർത്ഥിത്വം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആർക്കിട്ടെക്ട് ജോലിയും പൊതുപ്രവർത്തനവും ഷെൽന തുടർന്നു.ഇതിനിടെയാണ് അർബുദം രോഗത്തെ തുടർന്നുള്ള വിയോഗം. പത്ത് വയസ്സുകാരൻ ആത്തിഫ് അലി മകനാണ്.