Thursday, 19 September - 2024

’15 മിനുട്ടിൽ നാല് മുസ്‌ലിംകളെ കൊലപ്പെടുത്തി ലോക റെക്കോർഡ്’; പ്രതിയെ പ്രകീർത്തിച്ച് പോസ്റ്റ്, പോലീസ് കേസെടുത്തു 

മംഗളൂരു: പ്രവാസി കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയെ മഹത്വവത്കരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെതിരേ കേസെടുത്തു. കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീൺ ചൗഗാലെയുടെ തലയിൽ കിരീടത്തിന്റെ രൂപം എഡിറ്റ് ചെയ്ത് വച്ച്, ഇൻസ്റ്റഗ്രാമിൽ വിദ്വേഷ പരാമർശം നടത്തിയതിന് ഹിന്ദുമന്ത്ര എന്ന അക്കൗണ്ട് ഉടമയ്‌ക്കെതിരെ കേസെടുത്തതായി ഉഡുപ്പി സൈബർ പോലീസ് പറഞ്ഞു.

 ’15 മിനുട്ടുകൊണ്ട് നാല് മുസ്‌ലിംകളെ കൊലപ്പെടുത്തി ലോക റെക്കോര്ഡ്’ എന്ന് തുളു ഭാഷയിൽ രേഖപ്പെടുത്തിയാണ് പ്രതി പ്രവീണിന്റെ ഫോട്ടോ ഈ അക്കൗണ്ടിലൂടെ പ്രചരിച്ചതെന്നും പോലീസ് അറിയിച്ചു. നേരത്തെയും ഇത്തരത്തിലുള്ള നിരവധി വിദ്വേഷപ്രചാരണം ഈ അക്കൗണ്ടിലൂടെ നടത്തിയതായും പോലീസ് പറഞ്ഞു.
 ഈമാസം 12-നാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്‌നാൻ(23), അയനാസ്(20), അസീം(14) എന്നിവരെ അവരുടെ വീട്ടിൽ ഓട്ടോയിൽ വന്നിറങ്ങി പ്രതി കൂത്തിക്കൊല്ലുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി പ്രവീൺ ചൗഗാലെയെ ഉഡുപ്പി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഉഡുപ്പിയിൽനിന്ന് 450 കിലോമീറ്റർ അകലെയുള്ള കുടച്ചിയിലെ ബന്ധു വീട്ടിൽനിന്നാണ് പിടികൂടിയത്.
 ഇന്നലെ കേസിന്റെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ച പ്രതിക്കെതിരെ സംഘടിച്ചെത്തിയ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.

‘കൂട്ടക്കൊല നടത്താൻ അവനെടുത്തത് 15 മിനുട്ടെങ്കിൽ ഞങ്ങൾക്ക് 30 സെക്കന്റ് നല്കൂ’വെന്നായിരുന്നു പ്രതികരണം. കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നൂറുക്കണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഒടുവിൽ ലാത്തി വീശി ആളുകളെ ഒഴിപ്പിച്ച ശേഷമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ചയാണ് പ്രതിയെ ഉഡുപ്പി കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.”

Most Popular

error: