ജിദ്ദ: ജിദ്ദക്കാർക്ക് ഇനി ഒഴിവുദിനങ്ങൾ കൂടുതൽ ആനന്ദകരമാക്കാം. പുതിയ സൗത്ത് അബ്ഹൂർ ബീച്ച് വാട്ടർ ഫ്രണ്ട് വികസന പദ്ധതി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു.
ചെങ്കടൽ തീരത്തെ കാൽനടക്കാരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും അവർക്ക് ആകർഷകമായ സമുദ്ര വിനോദസഞ്ചാര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജിദ്ദ നഗരസഭയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് അബ്ഹൂർ ബീച്ച് വികസനം നടപ്പിലാക്കിയിരിക്കുന്നത്.
2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 2.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പുതിയ വികസനപദ്ധതി. പുതുതായി വികസിപ്പിച്ച ബീച്ച് പ്രദേശത്തേക്ക് ഇതിനകം സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം അനുവദിച്ചു. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വികസന സംരംഭങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വാട്ടർഫ്രണ്ട് വികസന പദ്ധതി.
കടൽ നടപ്പാത, കടൽ കാഴ്ചക്കുള്ള സൈക്കിൾ പാത, പൊതുജനങ്ങൾക്കുള്ള ഹരിത ഇടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, കുട്ടികൾക്കായി വിവിധ ഗെയിമുകൾ, കടൽപ്പാലം, കെട്ടിടങ്ങൾ, നീന്താനും ആസ്വദിക്കാനും ഇരിക്കാനും മണൽ നിറഞ്ഞ ബീച്ചുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ വികസന പദ്ധതി.




