ഇസ്റാഈലിന് നേരെ മിസൈലും യുദ്ധവിമാനങ്ങളും അയച്ച് ഹൂത്തികൾ
ടെൽ അവീവ്: റഫാ തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേർ ഗാസാ അതിർത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്റാഈൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെത്തിയത്. ബ്രിട്ടൺ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എൻജിഒകളിൽ പ്രവർത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. ഇനി എത്ര പേർക്ക് അനുമതി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. ഗാസയിൽ ഇസ്റാഈൽ ആക്രമണം തുടരുകയാണ്.
അതിനിടെ, ഗസ്സയിൽ ഇസ്റാഈൽ ഇന്നും വ്യോമാക്രമണം തുടർന്നു. പുലർച്ചെയോടെ ഗസ്സയിലെ കരാമ മേഖലയിൽ ആക്രമണമുണ്ടായി. തുടർച്ചയായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് ആംബുലൻസ് സർവിസുകൾക്ക് പോലും ആക്രമണമേഖലയിലെത്താൻ സാധിക്കാത്ത സാഹചര്യമാണ്
ജബലിയ ദുരിതാശ്വാസ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 ആയി. 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടത്തിനടിയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. ഹമാസ് ആക്രമണത്തിൽ 24 മണിക്കൂറിനിടെ 16 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. യുദ്ധം നാശത്തിന് മാത്രമേ ഉപകരിക്കൂ എന്നും സ്വതന്ത്ര പലസ്തീൻ എന്നതാണ് പ്രശ്ന പരിഹാരമെന്നും മാർപാപ്പ വ്യക്തമാക്കി.
പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും. 1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വിവിധ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. റെഡ് ക്രോസ്സ് ഇന്‍റനാഷണൽ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആണ് വാഗ്ദാനം.
ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ വടക്കൻ ഗസ്സയിൽ ഇസ്റാഈൽ സൈന്യവുമായി ഏറ്റുമുട്ടി ഹമാസ് പോരാളികൾ. ഗസ്സ സിറ്റിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കനത്ത ഏറ്റുമുട്ടൽ നടന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധം ആരംഭിച്ചത് മുതൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസിന്‍റെ ചെറുത്തുനിൽപ്പ് തുടരുകയാണ്. 16 ഇസ്റാഈൽ സൈനികർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.
3,648 കുട്ടികളും 2,290 സ്ത്രീകളുമടക്കം ഗസ്സയിലെ ആകെ മരണം 8,796 ആയി. 22,219 പേർക്ക് പരിക്കേറ്റു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. വെസ്റ്റ്ബാങ്കിൽ 122 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
അതിനിടെ, ഗാസയിൽ ആക്രമം തുടരുന്ന ഇസ്റാഈൽ സൈന്യത്തിന് നേരെ മിസൈലും യുദ്ധവിമാനങ്ങളും തൊടുത്തുവിട്ട് ഹൂത്തികൾ. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ഹൂത്തികൾ പുറത്തുവിട്ടു. ഗാസയിലെ ഹമാസിനെതിരായ യുദ്ധം തുടർന്നാൽ ഇസ്റാഈലിനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ആവർത്തിച്ചു. മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിൽ ഇതിനകം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചിട്ടുണ്ടെന്നും ഹൂത്തികൾ വ്യക്തമാക്കി. ഗ്രൂപ്പിന്റെ അൽമസീറ ടിവിയിൽ സംപ്രേഷണം ചെയ്ത ഹൂതി സൈനിക പ്രസ്താവന പറഞ്ഞു.