യുഎസുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ ആരംഭിക്കുമെന്ന് ഇറാന്‍. രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ അറിയിച്ചത്.
ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിന് ഇറാന്‍ അംഗീകരിച്ചത്. യുഎസ് പതിനഞ്ച് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്.
പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇറാനും യുഎസും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഭാഗികമായി അടച്ച ഹോര്‍മൂസ് കടലിടുക്കും ഇറാന്‍ തുറന്നു. ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലാണ് അറിയിച്ചത്.
ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം കൊലവിളി നടത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും താത്കാലികമാണെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഇറാനില്‍ സൈനികപരമായ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും ദീര്‍ഘകാല സമാധാന കരാറിലെത്തുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇറാന് നേരെയുള്ള ആക്രമങ്ങള്‍ അവസാനിപ്പിച്ചാല്‍ പ്രതിരോധം നിര്‍ത്തുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.
ലെബനന്‍ ഉള്‍പ്പെടെ എല്ലായിടത്തും ഉടനടി വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, സമാധാന കരാറില്‍ ലെബനന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.





