ബയോമെട്രിക് വിരലടയാളം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും രാജ്യത്ത് കടന്നത് ഗൗരവമാണെന്നാണ് അധികൃതർ കരുതുന്നത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഒരിക്കല്‍ നാടുകടത്തപ്പെട്ട വ്യക്തി രാജ്യത്തേക്ക് വീണ്ടും പ്രവേശിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി ആഭ്യന്തര മന്ത്രാലയം. ജയിൽവാസത്തിന് ശേഷം നാടുകടത്തപ്പെട്ട ഗൾഫ് രാജ്യത്ത് നിന്നുള്ള വ്യക്തിയാണ് ബയോമെട്രിക് വിരലടയാളം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും കുവൈത്തില്‍ കടന്നത്.
ഇതിന്‍റെ കാരണങ്ങളാണ് അധികൃതര്‍ അന്വേഷിക്കുന്നത്. നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടുകയായിരുന്നു. എങ്ങനെയാണ് ഇയാള്‍ രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ പ്രതിയെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ലാൻഡ്‌പോർട്ടിലെ ഒരു ജീവനക്കാരൻ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചും അധികൃതര്‍ സംശയിക്കുന്നുണ്ട്.