റിയാദ്: മൂന്നു മാസത്തിനിടെ അര ലക്ഷത്തോളം ഗാർഹിക തൊഴിലാളികളെ സഊദിയിലേക്ക് റിക്രൂട്ട് ചെയ്തു. രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ സേവന, ശുചീകരണ മേഖലയിൽ ജോലി ചെയ്യുന്ന 18.4 ലക്ഷം ഗാർഹിക തൊഴിലാളികളാണുള്ളത്. മൂന്നു മാസത്തിനിടെ 48,175 സേവന, ശുചീകരണ തൊഴിലാളികളെ പുതുതായി റിക്രൂട്ട് ചെയ്തു.
സൗദിയിൽ ആകെ 36.9 ലക്ഷം ഗാർഹിക തൊഴിലാളികളാണുള്ളത്. ഇക്കൂട്ടത്തിൽ 48.9 ശതമാനം സേവന, ശുചീകരണ തൊഴിലാളികളാണ്. ശേഷിക്കുന്നവർ ഹൗസ് ഡ്രൈവർമാരും ഹോം നഴ്‌സുമാരും തോട്ടം തൊഴിലാളികളും പാചകക്കാരും സപ്ലയർമാരും പ്രൈവറ്റ് ട്യൂഷൻ അധ്യാപകരും അടക്കമുള്ളവരാണ്.
സേവന, ശുചീകരണ തൊഴിലാളികളിൽ 10.2 ലക്ഷം പേർ വനിതകളും 7,87,900 പേർ പുരുഷന്മാരുമാണ്. ശുചീകരണ തൊഴിലാളികളിൽ 73.7 ശതമാനം വനിതകളാണ്. ഗാർഹിക തൊഴിലാളികളിൽ 17.9 ലക്ഷം പേർ ഹൗസ് ഡ്രൈവർമാരാണ്. ഇക്കൂട്ടത്തിൽ 120 പേർ വനിതകളാണ്. വാച്ച്മാന്മാരായി (ഹാരിസ്) 12 വനിതകൾ അടക്കം 22,506 പേർ ജോലി ചെയ്യുന്നു. ഹോം നഴ്‌സുമാരായി 1,637 പേരും ട്യൂഷൻ അധ്യാപകരും ആയകളുമായി 4,611 പേരും ജോലി ചെയ്യുന്നു. ട്യൂഷൻ അധ്യാപകരിലും ആയമാരിലും 99.5 ശതമാനവും വനിതകളാണ്.
ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 21 വയസിൽ കുറവ് പ്രായമുള്ള ഗാർഹിക തൊഴിലാളികളെ ജോലിക്ക് വെക്കുന്നത് നിയമാവലി വിലക്കുന്നു. ഇത് ലംഘിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ ചുമത്തും. ദിവസത്തിൽ പത്തു മണിക്കൂറിൽ കൂടുതൽ സമയം ഗാർഹിക തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതും നിയമാവലി വിലക്കുന്നു.
വിശ്രമത്തിനും ആരാധനാ കർമങ്ങൾക്കും ഭക്ഷണത്തിനും അര മണിക്കൂറിൽ കുറയാത്ത ഇടവേള നൽകാതെ തുടർച്ചയായി അഞ്ചു മണിക്കൂറിൽ കൂടുതൽ നേരം ജോലി ചെയ്യേണ്ടതില്ലാത്ത നിലക്ക് ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, വിശ്രമ സമയങ്ങൾ ക്രമീകരിക്കണമെന്ന് നിയമാവലി ആവശ്യപ്പെടുന്നു. വിശ്രമ സമയങ്ങൾ തൊഴിൽ സമയത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല. ഗാർഹിക തൊഴിലാളികൾക്ക് പ്രതിദിനം നൽകുന്ന തുടർച്ചയായ വിശ്രമ സമയം എട്ടു മണിക്കൂറിൽ കുറയരുതെന്നും വ്യവസ്ഥയുണ്ട്.
ആഴ്ചയിൽ ഒരു ദിവസം പൂർണ വേതനത്തോടെ തുടർച്ചയായി 24 മണിക്കൂറിൽ കുറയാത്ത നിലക്ക് വിശ്രമം ലഭിക്കാൻ ഗാർഹിക തൊഴിലാളിക്ക് അവകാശമുണ്ട്. വാരാന്ത അവധി ദിവസത്തിൽ തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിക്കുന്ന പക്ഷം പകരം മറ്റൊരു ദിവസം അവധി നൽകുകയോ നഷ്ടപരിഹാരം (ഓർടൈം വേതനം) നൽകുകയോ വേണം. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ 30 ദിവസത്തെ രോഗാവധി ഒന്നിച്ചോ പലതവണ ആയോ പ്രയോജനപ്പെടുത്താൻ ഗാർഹിക തൊഴിലാളിക്ക് അവകാശമുണ്ട്.




