ദുബൈ: കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഫായിസിന്റെ സൈക്കിള്‍ യാത്ര ഒരു വർഷം പിന്നിടുമ്പോൾ ലക്ഷ്യ സ്ഥാനത്തേക്കുള്ള കുതിപ്പിലാണ്. കേരളത്തിൽ നിന്ന് ഗൾഫ് വഴി യൂറോപ്പിലെത്താൻ ഈ മലയാളി യുവാവ് എടുത്തത് ഒരു വർഷം. കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിന പുലരിയിൽ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ഇപ്പോഴും തുടരുന്ന യാത്ര പക്ഷേ, വിമാനത്തിലോ കാറിലോ അല്ല; സൈക്കിളിലാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പിൽ ഫായിസ് അഷ്റഫ് അലിയാണ് ലണ്ടൻ എന്ന ലക്ഷ്യത്തോടെ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി യാത്ര പുറപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും കുറേ യാത്ര ചെയ്യാനുണ്ടെങ്കിലും ഇതിനകം യൂറോപ്പിൽ എത്തിക്കഴിഞ്ഞ ഫായിസ് ഇപ്പോൾ സെർബിയയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സെർബിയക്ക് ശേഷം ക്രൊയേഷ്യ, സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക് റിപബ്ലിക്, ജർമനി വഴി ലണ്ടനിലെത്തുക എന്നതാണ് റൂട്ട് മാപ്പ്.
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ യുവാവ് പുറപ്പെട്ടത്. ഒമാനില്‍ നിന്നാണ് അതിര്‍ത്തികടന്ന് യു.എ.ഇയില്‍ എത്തി. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര ലണ്ടന്‍ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 450 ദിവസം പിന്നിടുമ്പോള്‍ ലണ്ടനിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറാനാകുമെന്നാണ് പ്രതീക്ഷ.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ ‘ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് യാത്ര. ടീം എക്കോ വീലേഴ്‌സിന്റെ നേതൃത്വത്തില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ പിന്തുണയോടെയാണ് സൈക്കിള്‍ യജ്ഞം.
ഒമാനിൽനിന്നും സൈക്കിളിൽ യു.എ.ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി, അവിടെ നിന്ന് ബൾഗേറിയ, റുമേനിയ, മാൾഡോവ, യുെക്രയ്ൻ, പോളണ്ട്, ചെക്കേസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക.
സഊദിയില്‍ നാലു വർഷം ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോയപ്പോഴാണ് ഫായിസിന് സൈക്കിൾ യാത്രാ മോഹമുദിച്ചത്. ഇലക്ട്രിക്കൽ എൻജിനീയർ ആയ ഇദ്ദേഹത്തിന് സഊദിയിൽ വിപ്രോയിലായിരുന്നു ജോലി. തന്‍റെ പ്രഫഷനൽ ലക്ഷ്യം മാറ്റിവച്ച് ലോകമെങ്ങും സൈക്കിൾ യാത്ര നടത്തുക എന്ന ലക്ഷ്യത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ചപ്പോൾ സ്വാഭാവികമായും ബന്ധുക്കൾ മുഖം കറുപ്പിച്ചു. പക്ഷേ, ഉറച്ച തീരുമാനം അതിനെല്ലാം വഴിമാറിക്കൊടുത്തു. അമേരിക്കന്‍ കമ്പനിയുടെ സര്‍ലേഡിസ്‌ക്ക് ട്രക്കര്‍ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. സൈക്കിളിൽ നേരത്തേയും ഇദ്ദേഹം ഉലകം ചുറ്റിയിരുന്നു. വിപ്രോ കമ്പനിയിലെ ജോലി രാജിവെച്ച് 2019 ൽ കോഴിക്കോട്നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര.
നേപ്പാൾ, ബൂട്ടാൻ, മ്യാന്മർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്. കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയാണ് യാത്രക്ക് കൂടുതൽ കരുത്തു നൽകുന്നതെന്ന് ഫായിസ് പറഞ്ഞു. ഭാര്യ ഡോ. അസ്മിന്‍ യാത്രക്ക് എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കുന്നുണ്ട്. ഫഹ്‌സിന്‍ ഒമര്‍, അയ്‌സിന്‍ നഹേല്‍ എന്നിവര്‍ മക്കളാണ്.
വസ്ത്രങ്ങൾ നിറച്ച നാല് ബാഗുകൾ, ഒരു ബാറ്ററി പായ്ക്ക്, ഉണക്കിയ പഴങ്ങൾ, ടെന്‍റ് സാമഗ്രികൾ, ഉപകരണങ്ങൾ, ഒരു ജിപിഎസ് ട്രാക്കർ എന്നിവ സഹിതമാണ് ഫായിസിന്‍റെ സഞ്ചാരം. 450 ദിവസങ്ങൾക്കുള്ളിൽ 30,000 കിലോമീറ്റർ താണ്ടി 35 രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ചാണ് 34 കാരൻ 2024 ൽ ലക്ഷ്യസ്ഥാനത്തെത്തുക. ഗൾഫ് രാജ്യങ്ങൾ, ഇറാഖ്, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കി, ഗ്രീസ്, മാസിഡോണിയ എന്നീ രാജ്യങ്ങളാണ് ഇതിനകം പിന്നിട്ടത്.
ഇതുവരെ സഞ്ചരിച്ചതിൽ തുർക്കിയാണ് അത്ഭുതപ്പെടുത്തിയത്. ആതിഥ്യമര്യാദകൊണ്ട് അക്ഷരാർഥത്തിൽ ആ നാട്ടിലെ ജനങ്ങൾ വീർപ്പുമുട്ടിച്ചു. പരിചയപ്പെടുന്ന നാട്ടുകാർ പലരും തങ്ങളുടെ ഭവനങ്ങളിൽ താമസിക്കാൻ നിർബന്ധിച്ചു. അതേസമയം, ഇറാനിൽ നിന്ന് പഴ്സ് പോലും നഷ്ടപ്പെട്ടു. എന്നാൽ, നിത്യച്ചെലവിന് കൈയിൽ പണമില്ലാതായപ്പോൾ നാട്ടുകാരിൽ ചിലർ ഭക്ഷണം തന്നു. കൂടെ കൊണ്ടുപോകുന്ന ടെന്‍റിലാണ് രാത്രി വിശ്രമം. ജോർജിയ, അർമേനിയ എന്നീ രാജ്യങ്ങളിലെ സ്വീകരണവും അത്ര സുഖമുള്ളതായിരുന്നില്ല. എത്തിപ്പെടുന്ന രാജ്യങ്ങളിലെയെല്ലാം ഇന്ത്യൻ സ്ഥാനപതിമാരെയും കോൺസൽ ജനറലുമാരെയും കാണാൻ ശ്രമിക്കുന്നു. യാത്രാ വിശേഷങ്ങളെല്ലാം ഇദ്ദേഹം തന്‍റെ യൂ ട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. https://m.youtube.com/@Ecowheelers എന്നതാണ് യു ട്യൂബ് ലിങ്ക്
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക