സഊദിക്ക് നേരെ മിസൈൽ, ഡ്രോൺ വർഷം; പ്രതിരോധക്കോട്ട കെട്ടി തടുത്തിട്ട് പ്രതിരോധ സേന

0
6
  • അൽ ഖർജിൽ കെട്ടിടങ്ങൾക്ക് മുകളിൽ ഡ്രോൺ അവശിഷ്ടം പതിച്ചു; ആറ് വീടുകൾക്ക് ഭാഗിക നാശനഷ്ടം
  • റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ട് വന്നത് എട്ട് മിസൈലുകൾ, പത്ത് ഡ്രോണുകൾ.

റിയാദ്: റിയാദ് മേഖലയിലേക്ക് വിക്ഷേപിച്ച 7 ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യയിലേക്ക് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും തടഞ്ഞുനിർത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി ഇന്ന് ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചു.

കഴിഞ്ഞ കുറച്ച് മണിക്കൂറിനുള്ളിൽ 10 ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായും ഇന്ന് രാവിലെ മേജർ ജനറൽ അൽ-മാലികി സ്ഥിരീകരിച്ചു. അൽ-ഖർജ് ഗവർണറേറ്റിൽ ഡ്രോൺ തടയാനുള്ള ശ്രമത്തിനിടെ അവശിഷ്ടങ്ങൾ പതിച്ച് ജനവാസ കേന്ദ്രത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച (2026 മാർച്ച് 31) നടന്ന സംഭവത്തിൽ ഒരു റെസിഡൻഷ്യൽ ഏരിയയിലെ ആറ് വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ഡ്രോൺ തകർത്തതിനെത്തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.

ഇത് വരെ സഊദി വ്യോമ പ്രതിരോധ സേനയും വ്യോമസേനയും ചേർന്ന് ഏകദേശം 858 ഡ്രോണുകൾ, 71 ബാലിസ്റ്റിക് മിസൈലുകൾ, 8 ക്രൂയിസ് മിസൈലുകൾ എന്നിവ തടഞ്ഞു നശിപ്പിക്കുന്നതിൽ വിജയിച്ചു, അവയിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യമിട്ടായിരുന്നു.