ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സഊദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് എത്തിയതോടെ പത്താംനമ്പർ ജഴ്സി ചൂടപ്പം പോലെ വിറ്റുപോകുന്നു. ഏഴു മണിക്കൂറിനിടെ നെയ്മറുടെ അൽ ഹിലാൽ ജഴ്സി പതിനായിരത്തിലേറെ എണ്ണമാണ് വിറ്റുപോയതെന്ന് ഫ്രഞ്ച് ദിനപത്രമായ എൽ എക്വിപ് വെളിപ്പെടുത്തി.
അൽ ഹിലാലിന്റെ റിയാദിലെ ഒഫീഷ്യൽ സ്റ്റോറിലുള്ള സ്റ്റാഫംഗത്തെ ഉദ്ധരിച്ചാണ് പത്രം ഈ കണക്കുകൾ പുറത്തുവിട്ടത്. ഓൺലൈനിലാണ് വിൽപന നടന്നത്.
‘ആദ്യമായാണ് ഒരു ജഴ്സി ഈ രീതിയിൽ വിൽപന നടക്കുന്നത് ഞാൻ കണ്ടത്. ഓൺലൈൻ വിൽപന പോലെത്തന്നെയായിരുന്നു കടയിലൂടെയുള്ള വിൽപനയും. സ്റ്റോറിൽ നെയ്മറുടെ പേരുവെച്ച് ഉണ്ടായിരുന്ന മുഴുവൻ ജഴ്സിയും മിനിറ്റുകൾക്കകമാണ് വിറ്റുതീർന്നത്’ -സ്റ്റോറിലെ ജീവനക്കാരൻ പറഞ്ഞു.
നെയ്മറിനെ അൽ ഹിലാൽ ഔദ്യോഗികമായി ശനിയാഴ്ച ആരാധകർക്കുമുമ്പാകെ അവതരിപ്പിക്കും. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ തങ്ങളുടെ പുതിയ സൂപ്പർ താരത്തിന് ആവേശകരമായ വരവേൽപ് നൽകാൻ ആരാധകരേറെ എത്തിച്ചേരുമെന്നാണ് അൽ ഹിലാൽ അധികൃതർ കണക്കുകൂട്ടുന്നത്.