മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് നരേന്ദ്ര മോദിയുടെ ഭാവം, മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്: രാഹുൽ ഗാന്ധി

0
2420

ന്യൂഡൽഹി: മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്.

മുഖ്യമന്ത്രിയുടെ മകൾക്കു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി; 3 വർഷത്തിനിടെ കിട്ടിയത് 1.72 കോടി
മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണന്‍ കുംഭകര്‍ണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേള്‍ക്കുന്നത് അദാനിയെയും അമിത് ഷായെയുമാണെന്നു രാഹുല്‍ പരിഹസിച്ചു.

‘‘ഞാൻ മണിപ്പുരിലെത്തി അവിടുത്തെ സ്ത്രീകളും കുട്ടികളുമായി സംസാരിച്ചു. എന്നാൽ പ്രധാനമന്ത്രി ഇതുവരെ അത് ചെയ്തിട്ടില്ല. മണിപ്പുരിൽ എന്റെ അമ്മയേയാണ് നിങ്ങൾ വധിച്ചത്. നിങ്ങൾ ദേശ സ്നേഹികളല്ല, രാജ്യദ്രോഹികളാണ്. ഈ സർക്കാരിന്റെ രാഷ്ട്രീയമാണ് മണിപ്പുരിൽ ഇന്ത്യയെ കൊന്നത്. ഞാൻ മണിപ്പുർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും, സത്യത്തിൽ മണിപ്പുർ ഇപ്പോൾ ഇല്ല എന്നതാണ് വാസ്തവം. ഇന്ത്യൻ സേനയ്ക്ക് ഒറ്റ ദിവസം കൊണ്ട് അവിടെ സമാധാനം പുനഃസ്ഥാപിക്കാനാകും. എന്നാൽ സർക്കാർ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ല. ലങ്കയെ അഗ്നിക്കിരയാക്കിയത് ഹനുമാനല്ല, മറിച്ച് രാവണന്റെ അഹങ്കാരമാണ്. രാവണന്റെ അഹങ്കാരത്തെയാണ് രാമൻ ഇല്ലാതാക്കിയത്.’ – രാഹുൽ പറഞ്ഞു.