റിയാദ്: ഹജ്ജ് പൂർത്തിയാക്കിയ രണ്ടര ലക്ഷത്തിലധികം തീർഥാടകർ മദീനയിലെത്തി. മലയാളി തീർഥാടകരും മദീനയിൽ. ഹജ്ജിനായി മക്കയിലേക്ക് നേരിട്ടെത്തിയ തീർഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്.
ഹജ്ജിന് ശേഷം ഞായറാഴ്ച വരെ 259,514 തീർഥാടകർ പ്രവാചക നഗരിയിലെത്തി. അതിൽ 126,997 പേർ മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന 132,499 തീർഥാടകർ ഇപ്പോൾ മദീന സന്ദർശനം തുടരുകയാണ്.
ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മദീന സന്ദർശനത്തിലുള്ള തീർഥാടകരിൽ മലയാളികളും ഉണ്ട്. മക്കയിൽ നിന്ന് റോഡ്, വിമാന മാർഗങ്ങളിലും ഹറമൈൻ അതിവഗേ ട്രെയിനിലുമായാണ് തീർഥാടകർ മദീനയിലെത്തുന്നത്. 24,552 തീർഥാടകർ ഞായറാഴ്ച മദീനയിലത്തി.
അതിൽ 20,777 പേർ 124 വിമാനങ്ങളിലായാണ് എത്തിയത്. ഹറമൈൻ അതിവേഗ ട്രെയിനിൽ 63 ട്രിപ്പുകളിലായി 2,110 തീർഥാടകരും ഞായറാഴ്ച മദീനയിലെത്തി. കൂടാതെ റോഡ് മാർഗം 48 പേരും എത്തിയിട്ടുണ്ട്. തീർഥാടകർ മദീനയിലേക്ക് ഒഴുകി തുടങ്ങിയതോടെ അവിടുത്തെ താമസകേന്ദ്രങ്ങളിൽ 44 ശതമാനവും നിറഞ്ഞു. 68,341 തീർഥാടകർക്ക് ഇതുവരെ ചികിത്സ നൽകിയതായും ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.