കൂത്തുപറമ്പ്: വീട്ടില്‍ കയറി യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പൊലിസ് പിടികൂടി. കണ്ണൂർ കുത്തുപറമ്പ് പുക്കോട് തൃക്കണ്ണാപുരം കോളനിയില്‍ താമസക്കാരിയായ യുവതിയെ വീട്ടിലെ കിടപ്പു മുറിയില്‍ കയറി ബ്ലേഡ് കൊണ്ടു മുറിവേല്‍പിച്ച സംഭവത്തിലെ യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
മട്ടന്നൂര്‍ മാലൂര്‍ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പൊലിസ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മാലൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.
ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്കാണ് കേസിനാസ്പദമായ അക്രമം നടന്നത്. ലക്ഷം വീട് കോളനി വീട്ടിലെ ഷിമിയാണ് അക്രമിക്കപ്പെട്ടത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇവര്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
ഓട്ടോറിക്ഷയിലെത്തിയ നൗഫല്‍ ഷിമിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബ്ലേഡ് കൊണ്ടു മുറിവേല്‍പിക്കുകയായിരുന്നു. ഇതു തടയുന്നതിനിടെയാണ് യുവതിക്ക് പരുക്കേറ്റത്. ഷിമിയുമായുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസിന് ലഭിച്ച സൂചന.




