ന്യൂഡൽഹി: ലുലു ഗ്രൂപ്പ് എം.ഡി എം എ യൂസഫലിക്കെതിരെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്തു. കോടതി ഉത്തരവ് അനുസരിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ വീഡിയോകളും വാർത്തകളും പിൻവലിച്ചതായി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറിയിച്ചു.
ഇന്നലെ ഡൽഹി ഹൈക്കോടതി 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഉത്തരവ് ഇട്ടിരുന്നു. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ മറുനാടൻറെ യൂടൂബ് ചാനൽ സസ്‌പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതെ തുടർന്നാണ് നീക്കം ചെയ്തത്.
യൂസഫലിക്കെതിരായി മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തകളുടെ ഉള്ളടക്കത്തിൽ അപകീർത്തികരമായ കാര്യങ്ങളുണ്ടെന്ന് കാണിച്ച് എം എ യൂസഫലി ഫയൽ ചെയ്ത ഹർജിയിലെ പ്രാഥമിക വാദം കേട്ട ശേഷമാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായി വാർത്തകൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ടുമുണ്ട്. കേസ് വീണ്ടും ഓഗസ്റ്റ് 22 പരിഗണിക്കും.




