ചരിത്രത്തിലേക്ക്‌ ഒരു കുതിച്ചു കയറ്റം; റയാന ബർനാവിക്കും അലി അൽ ഖർനിക്കും ബഹിരാകാശ നിലയത്തിൽ സ്വീകരണ മൊരുക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍നെയാദി

0
1743

ജിദ്ദ: ചരിത്രത്തിലേക്ക്‌ കുതിച്ചു കയറി സഊദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും ബഹിരാകാശ നിലയത്തിലെത്തി.
ഇതോടെ ആദ്യമായി ഒരു വനിതയെ ബഹിരാകാശത്തേക്കയച്ച അറബ് രാജ്യം എന്ന റെക്കോർഡ് സൗദി അറേബ്യ കരസ്ഥമാക്കി.

മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണും അമേരിക്കൻ സംരംഭകൻ ജോൺ ഷോഫ്‌നറും ഒപ്പമുണ്ട്. ഒരു വർഷത്തോളം അമേരിക്കയിൽ വെച്ച് നടന്ന നീണ്ട പരിശീലനത്തിനൊടുവിലാണ് റയാനയും അലിയും ബഹികാരത്തേക്ക് പുറപ്പെട്ടത്.

യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍നെയാദി ഇവർക്ക് ഊഷ്മള സ്വീകരണം നൽകി. അല്‍നെയാദി
അവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നൽകുന്ന ചിത്രങ്ങൾ പുറത്തുവിട്ടു.
അല്‍നെയാദി ഉള്‍പ്പെടെ ഐഎസ്എസിലുള്ളവര്‍ക്കായി സൗദി ബഹിരാകാശയാത്രികര്‍ പരമ്പരാഗത കാപ്പിയും ഈന്തപ്പഴവും എത്തിച്ചിരുന്നു.

ഇവരുടെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം സൗദി സമയമം വൈകിട്ട് 4.12ന് ഐഎസ്എസില്‍ എത്തി.
നാല് ബഹിരാകാശയാത്രികരും 16 മണിക്കൂര്‍ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. എട്ട് ദിവസം ഇവര്‍ ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് നാലംഗ സംഘം ബഹിരാകാശത്തേക്ക് യാത്രതിരിച്ചത്. ഭ്രമണപഥത്തിലെ ബഹിരാകാശ ലബോറട്ടറിയില്‍ ആദ്യമായാണ് രണ്ട് അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യാത്രികര്‍ എത്തിയത്.