സഊദിയിൽ പുതിയ ഹോം ഡെലിവറി; സംസം ജലം ഇനി വീട്ടിലെത്തും

0
6

ജിദ്ദ: പവിത്രമായ സംസം ജലം സൗദിയിലുള്ളവർക്ക് നേരിട്ട് വീടുകളിൽ ലഭ്യമാക്കുന്ന സേവന പദ്ധതിക്ക് തുടക്കമിട്ടു. ഹജ്, ഉംറ മന്ത്രാലയവുമായി അനുബന്ധപ്പെട്ട നുസ്ക് ഓൺലൈൻ ആപ്പിലൂടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും വീസയിൽ താമസിക്കുന്നവർക്കും 330 മില്ലി കുപ്പി സംസം ജലം നേരിട്ട് അവരുടെ വീടുകളിൽ എത്തിച്ചു നൽകുന്ന വിധമാണ് സേവനം നൽകുന്നത്.

എണ്ണത്തിലോ ഓർഡറുകളുടെ എണ്ണത്തിലോ യാതൊരു നിയന്ത്രണവുമില്ലാതെ, എളുപ്പവും സൗകര്യപ്രദവുമായ ഘട്ടങ്ങളിലൂടെ നുസ്ക് ആപ്പ് വഴി സംസം വെള്ളം ഓർഡർ ചെയ്യാൻ ഈ സേവനം വിശ്വാസികൾക്ക് വഴിയൊരുക്കുന്നു.

സൗദിയിലെ ഏത് നഗരത്തിലും മുൻകൂട്ടിയുള്ള ആവശ്യപ്രകാരം പാക്കേജുകൾ വീട്ടിലേക്ക് എത്തിച്ചു നൽകും. സാധാരണയായി അഞ്ച് ലിറ്റർ കുപ്പികളാണ് മക്കയിലും മദീനയിലുമായി ലഭ്യമാക്കുന്നത്. താരതമ്യപ്പെടുത്തുമ്പോൾ, ഇത്രയും അളവിൽ സംസം വെള്ളം ലഭ്യമാക്കുന്നത് ഇതാദ്യമാണ്. പുതിയ കുപ്പികൾ കൊണ്ടുപോകാനും ഉപയോഗിക്കാനും വിളമ്പാനും എളുപ്പമാണ്, ഇത് എപ്പോൾ വേണമെങ്കിലും സൗകര്യപ്രദമായ വിധം എവിടെയും സൂക്ഷിക്കാനോ, കുടിക്കാനോ അനുയോജ്യമായ രീതിയിലാണ് രൂപം നൽകിയിരിക്കുന്നത്.

സംസം വെള്ളത്തിന്റെ ഏക ഔദ്യോഗിക സ്രോതസായ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് സംസം വാട്ടർ പ്രോജക്ടാണ് ജലം നൽകുന്നത്. അതിന്റെ ആധികാരികതയും സമ്പന്നമായ ചരിത്രവും നിലനിർത്തിക്കൊണ്ട്, ഉയർന്ന നിലവാരത്തിൽ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ലാഭേച്ഛയില്ലാത്ത പദ്ധതിയുടെ ലക്ഷ്യം.

രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്‌ലിം വിശ്വാസികളിലേക്ക് ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും, സംസം വെള്ളം സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ ലഭ്യമാക്കുന്നതിനുമുള്ള നുസ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം തുടങ്ങിവച്ചത്.