ജിദ്ദ: അറബ് രാജ്യങ്ങളെ സംഘര്‍ഷങ്ങളുടെ മേഖലയാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ചെങ്കടൽ തീരത്ത് നടന്ന 32-ാമത് അറബ് ഉച്ചകോടിയില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി. ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് കിരീടവകാശിയാണ് അധ്യക്ഷത വഹിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറബ് രാജ്യങ്ങൾ മുഴുവനായി പങ്കെടുത്ത ഉച്ചകോടിയിൽ, ഫലസ്തീൻ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലിൽ കടുത്ത അമർഷമാണ് ഉയർന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അറബ് സഖ്യത്തിൽ തിരിച്ചെത്തിയ സിറിയയുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള വൈദേശിക ഇടപെടലുകള്‍ തടയണമെന്ന് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ജിദ്ദയിൽ നടന്ന അറബ് ഉച്ചകോടിയിലാണ് വീണ്ടും അറബ് സഖ്യത്തിലേക്ക് കടന്ന് വന്ന ശക്തമായ ആവശ്യം ഉന്നയിച്ചത്.
അറബ് ലോകം അപകടങ്ങള്‍ക്കു മുന്നിലാണെന്നും ഫലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്ത് നമ്മുടെ സ്ഥിതിഗതികള്‍ പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും അസദ് ആവശ്യപ്പെട്ടു. അറബ് ലോകത്തുണ്ടായ വിള്ളലുകളാണ് മേഖലയിലെ പ്രതിസന്ധികള്‍ക്ക് കാരണമായത്. കാലത്തിനനുസരിച്ച് അറബ് ലീഗിന്റെ പ്രവര്‍ത്തന സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. ഞങ്ങള്‍ അറബ് സമവായത്തോടൊപ്പമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിനു മുമ്പ് അവക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം.
അറബ് രാജ്യങ്ങളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളില്‍ അറബ് ലീഗ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് സിറിയന്‍ പ്രസിഡന്റ് പറഞ്ഞു. ജിദ്ദ ഉച്ചകോടിയുടെ ഫലങ്ങള്‍ അറബ് ലോകത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അറബ് ലോകത്ത് അനുരഞ്ജനം പ്രോത്സാഹിപ്പിച്ചതിന് സഊദി അറേബ്യക്ക് നന്ദി പറയുന്നതായും ബശാര്‍ അല്‍അസദ് കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ഫലസ്തീന്‍ പ്രശ്‌നത്തോടുള്ള അറബ് നേതാക്കളുടെ ഉറച്ച നിലപാട് ശ്ലാഘനീയമാണ്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ യു.എന്‍ സംഘടനകള്‍ക്കു മുന്നില്‍ ശ്രമങ്ങള്‍ തുടരുകയാണ്.
1948 ല്‍ ഫലസ്തീന്‍ സമൂഹത്തെ തകര്‍ത്ത നക്ബ ദുരന്തം മുതല്‍ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ തുടരുകയാണെന്നും ഇതിനിടെയും അധിനിവേശ ശക്തികള്‍ ഫല്‌സ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരുകയും കുടിയേറ്റം വ്യാപിപ്പിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇസ്റാഈലിനോട് കണക്കു ചോദിക്കുകയും യു.എന്‍ തീരുമാനങ്ങള്‍ നടപ്പാക്കുകയും വേണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




